ന്യൂദല്‍ഹി- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാനിലെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ അടുത്ത രണ്ടു ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശിലും മിക്കയിടങ്ങളിലും കൊടും ചൂടും തീവ്ര ഉഷ്ണ തരംഗവും ഉണ്ട്. ജമ്മുവിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും തീവ്രഉഷ്ണ തരംഗം റിപോര്‍ട്ട്ച ചെയ്തതായും കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ ഐഎംഡി അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലേക്കു വീശുന്ന വരണ്ട തെക്കുപടിഞ്ഞാറന്‍ കാറ്റാണ് ഇതിനു കാരണം. ഉത്തരേന്ത്യയില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായും ഐഎംഡി അറിയിച്ചു.
ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ കൂടുതല്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ല. ഹരിയാന, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, പടിഞ്ഞാറന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ ഒഴികെ രാജ്യത്തെല്ലായിടത്തും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയിട്ടുണ്ട്.