Sorry, you need to enable JavaScript to visit this website.

VIDEO വിവാഹ വേദിയില്‍ വധുവിന്റെ അഭ്യാസം കണ്ട് അതിഥികള്‍ ഞെട്ടി

തൂത്തുകുടി- തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലയിലെ തിരുകൊലൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ വധു കാണിച്ച അഭ്യാസം സമൂഹമാധ്യമങ്ങളില്‍ വൈറലായി. പി നിശ എന്ന 22കാരിയാണ് ചടങ്ങിനെത്തിയ അതിഥികള്‍ക്കുവേണ്ടി അയോധനകലാഭ്യാസം നടത്തിയത്. പരമ്പരാഗത തമിഴ് അയോധനകലയുടെ ഭാഗമായി സുരുള്‍ വാള്‍ വീശ്, രെത്തൈ കമ്പ്, അടിമുറൈ എന്നീ അഭ്യാസങ്ങളാണ് വിവാഹ വസ്ത്രമണിഞ്ഞ വധു നിശ കാഴ്ചവച്ചത്. സില്‍ക്ക് സാരിയില്‍ സര്‍വാഭരണ വിഭൂഷിതയായി നിശ അര മണിക്കൂറോളം അഭ്യാസം നടത്തി. ഭര്‍ത്താവ് രാജ്കുമാര്‍ മോസസ് കൂടി പിന്തുണച്ചാണ് വിവാഹ ദിവസം അഭ്യാസം ഒരു പ്രതധാന ഇനമാക്കിയത്. 

അതിഥികളില്‍ ആരോ മൊബൈലില്‍ ചിത്രീകരിച്ച വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വിവാഹത്തിനെത്തിയ അതിഥികളെ രസിപ്പിക്കാന്‍ മാത്രമായിരുന്നില്ല നിശയുടെ അഭ്യാസം. പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുക കൂടി ലക്ഷ്യമായിരുന്നു. സ്വയം പ്രതിരോധത്തിനും സുരക്ഷയ്ക്കും പെണ്‍കുട്ടികള്‍ അഭ്യാസങ്ങള്‍ പഠിക്കണമെന്നാണ് ഇതിലൂടെ നിശ നല്‍കിയ സന്ദേശം. ചെറുപ്പം തൊട്ടെ അയോധന കല പരീശീലിച്ച് വരുന്നയാളാണ് നിശ. ബികോം ബിരുദധാരിയായ നിശ പോലീസ് ഓഫീസറാകാനുള്ള ശ്രമത്തിലാണ്.

Latest News