ന്യൂദൽഹി- സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റകൃത്യമാക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ 377-ാം വകുപ്പ് സുപ്രീം കോടതി പുനപ്പരിശോധിക്കും. 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത പുനപ്പരിശോധിക്കാൻ ഹർജി വിശാല ബെഞ്ചിനു വിടാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു. വ്യക്തിപരമായ തെരഞ്ഞെടുപ്പുകളുടെ പേരിൽ ഒരു വിഭാഗം ആളുകളെയോ വ്യക്തികളെയോ ഭയപ്പാടിൽ നിർത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്വയം തെരഞ്ഞെടുപ്പ് നിയമത്തിന്റെ പരിധികൾ വിട്ടുപോകുന്നത് അനുവദിക്കാനാവില്ല. അതേസമയം നിയമത്തിന്റെ നിയന്ത്രണങ്ങൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള വ്യക്തിയുടെ അവകാശങ്ങളെ ഹനിക്കുന്നതും തടയിടുന്നതും ആകാനും പാടില്ല, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
ലൈംഗിക ന്യൂനപക്ഷ വിഭാഗക്കാരായ (എൽ.ജി.ബി.ടി) അഞ്ചു പേരുടെ റിട്ട് ഹർജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ്. ഈ ഹർജിയിൽ പ്രതികരണം തേടി കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. തങ്ങളുടെ ലൈംഗിക തെരഞ്ഞെടുപ്പുകളുടെ പേരിൽ നിരന്തരം പൊലീസ് നടപടികൾ ഭയന്നാണ് ജീവിക്കുന്നതെന്ന ചൂണ്ടിക്കാണിച്ചാണ് ഹർജി.
2009-ൽ ദൽഹി ഹൈക്കോടതി സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചിരുന്നു. എന്നാൽ 2013ൽ ജസ്റ്റിസ് ജിഎസ് സിങ് വി, എസ് ജെ മുഖോപാധ്യയ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. 2017 ഓഗസ്റ്റിൽ മറ്റൊരു വിധിയിൽ ലൈംഗിക തെരഞ്ഞെടുപ്പ് തീർത്തും സ്വകാര്യമായ വിഷയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.