ന്യൂദൽഹി- ഗാന്ധി വധത്തിൽ ദുരൂഹതയില്ലെന്നും നാഥുറാം വിനായക് ഗോഡ്‌സെ അല്ലാതെ മറ്റ് നിഗൂഢവ്യക്തികളൊന്നും വധത്തിന് പിന്നിലെന്നും അമിക്കസ് ക്യൂറി. ഗാന്ധി വധത്തിന് പിന്നിൽ ഗോഡ്‌സെക്ക് പുറമെ നിഗൂഢശക്തികളുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ അമരേന്ദ്ര ശരണായിരുന്നു അമിക്കസ് ക്യൂറി. വീർ സവർക്കർ അനുയായിയും അഭിനവ് ഭാരത് സ്ഥാപകനുമായ പങ്കജ് ഫാഡിൻസ് നൽകിയ പരാതിയിലാണ് സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അമരേന്ദ്ര ശരണിന് പുറമെ, സൻജിത് ഗുരുത, സമർത്ഥ് ഖന്ന എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഗാന്ധി വധം സംബന്ധിച്ച വിചാരണയിലെ 4000-ത്തോളം പേജ് വരുന്ന അമിക്കസ് ക്യൂറി പരിശോധിച്ചു. ഇതിലാണ് വിദേശ ഏജൻസികൾ ഗാന്ധി വധത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയത്.