ന്യൂദല്‍ഹി- രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്ത മുത്തലാഖ് ബില്‍ ഓർഡിനന്‍സ് വഴി നടപ്പിലാക്കാന്‍ കേന്ദ്ര സർക്കാർ നീക്കം. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്നവർക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കാവുന്ന മുത്തലാഖ് ബില്‍ ലോക് സഭ പാസാക്കിയെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഓർഡിനന്‍സ് വഴി നിയമം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് മോഡി സർക്കാരിന്‍റെ ഏകാധിപത്യമായി വിലയിരുത്തപ്പെടുമെന്ന് അഖിലേന്ത്യാ മുസ് ലിം വ്യക്തി നിയമ ബോർഡ് (എ.ഐ.എം.പി.എല്‍.ബി) മുന്നറിയിപ്പ് നല്‍കി. മോഡി സർക്കാരിന്‍റെ ഈ നീക്കം തീർത്തും ആശങ്കാജനകമാണെന്ന് ബോർഡ് വക്താവ് മൌലാനാ ഖലീലുറഹ്മാന്‍ നുമാനി പറഞ്ഞു.
രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍ രാജ്യസഭയില്‍ തന്നെ പാസാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഇതിനു പകരം ഓർഡിനന്‍സ് വഴി അടിച്ചേല്‍പിക്കാനുള്ള നീക്കം സ്വീകാര്യമല്ല. തീർത്തും ജനാധിപത്യവിരുദ്ധമായ നടപടയില്‍നിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.