Sorry, you need to enable JavaScript to visit this website.

പ്രസിഡന്റ് അഴിമതി കുരുക്കില്‍; ബ്രസീല്‍ ഇന്ത്യയുമായുള്ള കോവാക്‌സിന്‍ കരാര്‍ റദ്ദാക്കുന്നു

ബ്രസീലിയ- ഇന്ത്യന്‍ കമ്പനി ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ ആയ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള 32.4 കോടി ഡോളറിന്റെ (2405 കോടി രൂപ) കരാര്‍ ബ്രസീല്‍ റദ്ദാക്കുന്നു. ഈ കരാറിന്റെ മറവില്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സെനാരോ വന്‍ അഴിമതി നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബ്രസീലിലെ ഫെഡറല്‍ കംട്രോളര്‍ സിജിയുടെ നിര്‍ദേശ പ്രകാരമാണ് കരാര്‍ റദ്ദാക്കുന്നതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കോവാക്‌സിന്റെ രണ്ട് കോടി ഡോസുകള്‍ വാങ്ങാനുള്ള കരാറായിരുന്നു ഇത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൊല്‍സെനാരോയ്ക്ക് ഈ അഴിമതി ആരോപണം തലവേദന ആയേക്കുമെന്ന് കണ്ടാണ് കരാര്‍ റദ്ദാക്കുന്നത്. ഇടപാടില്‍ എന്തെങ്കിലും ക്രമക്കേട് നടന്നതായി അറിയില്ലെന്നാണ് ബൊല്‍സെനാരോയുടെ പ്രതികരണം. കരാര്‍ അന്വേഷിക്കുമെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രി മാര്‍സെലോ കെയ്‌റോഗ പറഞ്ഞു. സിജിയു നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കരാര്‍ റദ്ദാക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

കുറഞ്ഞ വിലയ്ക്ക് മറ്റു വിദേശ വാക്‌സിനുകള്‍ ലഭിക്കുമായിരുന്നിട്ടും ഉയര്‍ന്ന വില നല്‍കി ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ വാങ്ങിയെന്നും ഇതിനായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുകയും അനുമതിക്ക് കാത്തില്ലെന്നുമുള്ള ആരോപണങ്ങള്‍ ബ്രസീലിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ കോവിഡിനെ നേരിട്ടതു സംബന്ധിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്റ് സമിതിയും ഈ വാക്‌സിന്‍ ഇടപാട് അന്വേഷിക്കുന്നുണ്ട്. ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് ബോള്‍സെനാരോയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിട്ടുമുണ്ട്.


 

Latest News