മനില- വാക്‌സിനേഷനെടുക്കാന്‍ വിസ്സമതിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതര്‍തേ. വാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്നും ഇവര്‍ക്ക് ബലമായി വാക്‌സിന്‍ കുത്തിവയ്ക്കുമെന്നും വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ വാക്‌സിനേഷന്‍ മന്ദഗതിയിലായതിന് പിന്നാലെയാണിത്.
വാക്‌സിന്‍ എടുത്തോളൂ, അല്ലെങ്കില്‍ ജയിലിലാകും. ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പോയ്ക്കോളൂ. നിങ്ങള്‍ ഒരു മനുഷ്യനാണെങ്കില്‍ വൈറസ് വാഹകനാകാന്‍ സാധിക്കും. അതുകൊണ്ട് വാക്‌സിന്‍ എടുക്കുക - വാര്‍ത്താ സമ്മേളനത്തില്‍ ദുതര്‍തേ വ്യക്തമാക്കി.
അല്ലെങ്കില്‍ ഗ്രാമത്തലവന്മാരില്‍ നിന്ന് വാക്‌സിനേഷന് വിധേയരാകാന്‍ വിസമ്മതിക്കുന്നവരുടെ പട്ടിക വാങ്ങി അവര്‍ക്ക് പന്നികള്‍ക്ക് കുത്തിവയ്ക്കുന്ന ഇവര്‍മെക്ടിന്‍ കുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ നേരിടാന്‍ കഠിനമായ നിലപാടുകള്‍ സ്വീകരിക്കുന്ന ദുതര്‍തേ വ്യാപക വിമര്‍ശം നേരിടുന്നുണ്ട്. ഫിലിപ്പൈന്‍സില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്.