ഡെറാഡൂണ്‍- കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ തുറക്കാനൊരുങ്ങുന്ന ഹോസ്റ്റല്‍ മെസ്സിലേക്ക് ഹലാല്‍ മാംസത്തിനു പരസ്യം നല്‍കിയ സ്‌കൂളില്‍ ഹിന്ദുത്വ വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിന്റെ പ്രതിഷേധം. ഉത്തരാഖണ്ഡിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ വെല്‍ഹാം ബോയ്‌സിലാണ് സംഭവം.
നിലവില്‍ സ്‌കൂള്‍ അടിച്ചിട്ടിരിക്കയാണെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ തുറക്കുന്നതിന് ഒരുക്കം നടത്തുകയാണ് മാനേജ്‌മെന്റ്. സ്‌കൂള്‍ മെസ്സിലേക്ക് പല ഭക്ഷ്യസാധനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ച കൂട്ടത്തിലാണ് ഹലാല്‍ മാംസവും ഉള്‍പ്പെടുത്തിയത്.
പ്രാദേശിക പത്രത്തിലെ പരസ്യം കണ്ടാണ് നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിയത്.
സ്‌കൂളിലെ വിദ്യാര്‍ഥികളിലും ജീവനക്കാരിലും ബഹുഭൂരിഭാഗവും പ്രത്യേക സമുദായക്കരാണെന്നും അവരുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നീക്കം അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
ഹിന്ദു വിദ്യാര്‍ഥികളേയും സമുദായത്തിനേയും അപഹസിച്ചതിന് മാനേജ്‌മെന്റിനെതിരെ പോലീസില്‍ പരാതി നല്‍കിയതായും ബജ്‌റംഗ്ദള്‍ വ്യക്തമാക്കി.
ആഴ്ചയില്‍ ആറു ദിവസവും സ്‌കൂളില്‍ ഹലാല്‍ മാംസവും ഹലാലിതര മാംസവും പാകം ചെയ്യാറുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് കാണ്ട്പാല്‍ പറഞ്ഞു.
1937 ല്‍ എച്ച്.എസ്. ഓലിഫാന്റ് സ്ഥാപിച്ച വെല്‍ഹാം ബോയ്‌സ് രാജ്യത്തെ പ്രശസ്തമായ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലൊന്നാണ്.