പാലക്കാട്- കിഴക്കഞ്ചേരി കാരപ്പാടത്ത് ശ്രുതി(30) തീപ്പൊള്ളലേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീജിത്തിനെ(33) അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വടക്കഞ്ചേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശ്രുതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ശ്രുതിയെ ശ്രീജിത്ത് തീ കൊളുത്തി കൊന്നതാണ് എന്നാണ് അച്ഛൻ ശിവനും അമ്മ മേരിയും നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. എല്ലാ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടക്കുമെന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള സി.ഐ വി.ടി.ഷാജൻ അറിയിച്ചു.
ഈ മാസം 18നാണ് ശ്രുതിക്ക് കിഴക്കഞ്ചേരിയിലെ വീട്ടിൽ വെച്ച് പൊള്ളലേറ്റത്. ഭർത്താവുമായുള്ള വഴക്കിനിടയിൽ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയതാണ് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ശ്രീജിത്തിന്റെ പരസ്ത്രീബന്ധത്തെക്കുറിച്ചായിരുന്നു വഴക്ക്. ഗുരുതരമായി പൊള്ളലേറ്റ ശ്രുതിയെ ആദ്യം വടക്കഞ്ചേരിയിലെ ഒരു സ്വകാര്യാശുപത്രിയിലും തുടർന്ന് തൃശൂ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് 21ന് രാവിലെയായിരുന്നു മരണം.
ശ്രുതിക്ക് പൊള്ളലേൽക്കുമ്പോൾ ഭർത്താവും എട്ടും നാലും വയസ്സ് പ്രായമായ രണ്ട് കുട്ടികളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ ശ്രുതിയുടെ മൊഴിയെടുത്തിരുന്നു. അബദ്ധത്തിൽ പൊള്ളലേറ്റതാണ് എന്നാണ് യുവതി അവരോട് പറഞ്ഞത്. അതും ദമ്പതികളുടെ മക്കളായ ആദി, അഭിഷേക് എന്നിവരുടെ മൊഴികളും കണക്കിലെടുത്താണ് പോലീസ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്. അതിനിടയിലാണ് ശ്രുതിയുടെ ബന്ധുക്കൾ പരാതിയുമായി വന്നത്. മക്കളെ ഉപദ്രവിക്കുമെന്ന പേടി മൂലമാണ് ശ്രുതി ഡോക്ടർമാരോട് കാര്യങ്ങൾ തുറന്നു പറയാതിരുന്നത് എന്നും ഉണ്ടായ കാര്യങ്ങളെല്ലാം തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ആരോപിച്ച് ശ്രുതിയുടെ അനിയത്തി നീതു രംഗത്തെത്തി. സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉൾപ്പെടെയുള്ളയവർ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ശ്രീജിത്തിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.