ഇലക് ഷന്‍ ബോണ്ട് സംഭാവനകള്‍ സുതാര്യമാക്കും- മന്ത്രി ജയ്റ്റ്‌ലി

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നു  കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തെരഞ്ഞെടുപ്പു ബോണ്ടുകളുടെ രൂപരേഖ കഴിഞ്ഞ ആഴ്ച ലോക്‌സഭയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള ശുപാര്‍ശകളും ജയ്റ്റ്‌ലി ആരാഞ്ഞു.
തെരഞ്ഞെടുപ്പു ബോണ്ടുകള്‍ എന്തുകൊണ്ട് അനിവാര്യമാണ് എന്നു വിശദീകരിച്ചു കൊണ്ട് ജയ്റ്റ്‌ലി ഇന്നലെ വിശദമായ കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

ജയ്റ്റ്‌ലിയുടെ ഫേസ് ബുക്ക് പോസ്റ്റ്:

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പു സംഭാവനകള്‍ക്കു ഒരു സുതാര്യ സംവിധാനമില്ല. തെരഞ്ഞെടുപ്പും രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് പണച്ചെലവുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പണം ആവശ്യമാണ്. പാര്‍ട്ടികള്‍ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓഫീസുകളുണ്ട്. ഈ ഓഫീസുകളില്‍ ജീവനക്കാരും അവര്‍ക്കു ശമ്പളം നല്‍കേണ്ടതിനും പുറമേ യാത്രാച്ചെലവുകളുമുണ്ട്. പാര്‍ലമെന്റിലേക്കോ നിയമസഭകളിലേക്കോ തെരഞ്ഞെടുപ്പുകള്‍ സാധാരണ ഓരോ വര്‍ഷങ്ങളിലും നടക്കാറുണ്ട്. സ്ഥാനാര്‍ഥികളുടെ വ്യക്തിഗത ചെലവുകള്‍ക്കു പുറമേ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കും പണം ആവശ്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു ചെലവകളുമുണ്ട്. ഈ ചെലവുകള്‍ കോടികളോളം വരും. എന്നാല്‍, ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളില്‍ ഒരു സുതാര്യതയുമില്ല.
പരമ്പരാഗതമായി രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം സംഭാവനകളിലൂടെയാണ്. ഈ സംഭാവനകള്‍ വലുതായാലും ചെറുതായാലും പാര്‍ട്ടികളുടെ അനുഭാവികളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും വന്‍കിട, ചെറുകിട വ്യവസായികളില്‍ നിന്നുമാണ് ലഭിക്കുന്നത്. പണമായാണ് ഇവര്‍ സംഭാവന നല്‍കുന്നത്. സംഭാവനയായി ലഭിക്കുന്ന വന്‍ തുകകളുടെ ഉറവിടം അജ്ഞാതമോ വ്യാജ പേരുകളിലോ ഉള്ളതാണ്. ഈ പണം എത്രയാണെന്നും വെളിപ്പെടുത്തപ്പെടുന്നില്ല. നിലവിലുള്ള സംഭാവനകള്‍ വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍നിന്നും കള്ളപ്പണമായാണു വരുന്നത്. കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളും ഈ സംഭാവനകളില്‍ സംതൃപ്തരാണ്. ഇതിനു പകരമായി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ സംഭാവനകളെ കൂടുതല്‍ സുതാര്യമാക്കും.     
പഴയ രീതിയനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളുടെ ഉറവിടം അജ്ഞാതമായിരുന്നു. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കാനും ആളുകള്‍ ഈ സംഭാവനയെ ഉപയോഗിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വരുന്നതോടെ പണത്തിന്റെ യഥാര്‍ഥ ഉറവിടം വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പല രാഷ്ട്രീയ കക്ഷികളും നിലവിലെ സംഭാവന സംവിധാനത്തില്‍ സംതൃപ്തരാണ്. ഈ സംവിധാനം അതേ രീതിയില്‍ തുടരുന്നതില്‍ അവര്‍ക്ക് ആശങ്കയുമില്ല. തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ ശുദ്ധീകരിച്ച പണമായി മാറും. സംഭാവനകള്‍ ചെക്കായോ ഓണ്‍ലൈന്‍ ഇടപാട് വഴിയോ സ്വീകരിച്ചാലും സുതാര്യതയുണ്ടാകും. എന്നാല്‍, തെരഞ്ഞെടുപ്പു ബോണ്ടുകള്‍ വഴി നല്‍കുന്ന സംഭാവനയില്‍ ദാതാവിന്റെ പേര് രഹസ്യമായി നിലനില്‍ക്കും. ഇത് ആ മേഖലയിലേക്ക് അനിയന്ത്രിതമായി പണം ഒഴുകുന്നത് തടയുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

    

 

Latest News