ഗണ്ടൂര്‍- ഏഴു പത്തും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ വീട്ടിനകത്തിട്ട് അടിച്ചു കൊലപ്പെടുത്തിയ ബന്ധുവായ യുവാവ് പോലീസില്‍ കീഴടങ്ങി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ തിങ്കളാഴ്ചയാണ് ദാരുണമായ ഇരട്ടക്കൊല നടന്നത്. കുട്ടികളുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് ശ്രീനിവാസ് റാവു ആണ് പ്രതി. പാര്‍ത്ഥിവ് സഹസാവത്, രോഹന്‍ അശ്വിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവുരെ തലയിലും ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുമായാണ് ആശുപത്രിയിലെത്തിച്ചത്. ഏഴു വയസ്സുകാരന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. പത്തു വയസ്സുകാരന്‍ ആശുപത്രിയിലും മരിച്ചു.
കുട്ടികളുടെ മാതാപിതാക്കളായ കൊടേശ്വര റാവുവും ഉമ ദേവിയും ബെംഗളുരുവില്‍ കൂലിപ്പണിക്കാരാണ്. മക്കളെ മുത്തശ്ശിയുടെ കൂടെ നിര്‍ത്തി പോയതായിരുന്നു ഇവര്‍. തിങ്കളാഴ്ച ശ്രീനിവാസ് രണ്ടു കുട്ടികളേയും വീട്ടിനകത്തേക്ക് വിളിച്ചു കൊണ്ടു പോയി ക്രൂരമായി മര്‍ദിക്കുകയും മരവടി ഉപയോഗിച്ച് അടിച്ച് രക്തംവാരുന്ന നിലയിലാക്കുകയും ചെയ്തു. ഇവരോടൊപ്പം കളിക്കുകയായിരുന്ന ശ്രീനിവാസന്റെ സ്വന്തം മകനെ പ്രതി ഉപദ്രവിച്ചിട്ടില്ല. പ്രതിയും ആശുപത്രിയിലെത്തിയിരുന്നു. ഇവിടെ പോലീസിനു മുമ്പാകെ കീഴടങ്ങിയ ശ്രീനിവാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
കുടുംബ പ്രശ്‌നങ്ങളാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഭാര്യ വീട്ടുകാരുടെ അവഗണന നേരിട്ടതായും ഇതില്‍ പ്രതി ശ്രീനിവാസ് രോഷാകുലനായിരുന്നെന്നും പോലീസ് പറയുന്നു. കുട്ടികളുടെ മുത്തശ്ശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.