Sorry, you need to enable JavaScript to visit this website.

സമുദായത്തെ ചൂണ്ടയിൽ കുരുക്കി ആവശ്യക്കാർക്ക് എറിഞ്ഞുകൊടുത്താണ് ബെഹ്‌റ പോകുന്നത്-പി.കെ ഫിറോസ്

കോഴിക്കോട്- കേരളത്തിൽ ഐ.എസ് സാന്നിധ്യമുണ്ടെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന ഒരു സമുദായത്തെ അപ്പാടെ ചൂണ്ടയിൽ കുരുക്കി ആവശ്യക്കാർക്ക് എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. 

ഒരു സമുദായത്തെ ആകെ പ്രതിക്കൂട്ടിൽ നിറുത്തിയാണ് പോലീസ് മേധാവി സംസാരിക്കുന്നത്. മോഡിക്കും അമിത്ഷാക്കും ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. സെൻകുമാറിന്റെ കാര്യത്തിൽ 'അമാനുഷിക ദീർഘ ദൃഷ്ടി' കൈമുതലായുണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രിക്ക് ബെഹ്‌റയുടെ കാര്യത്തിലുള്ള നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്. വിരമിച്ച ശേഷം സെൻകുമാർ നടത്തിയ ഒട്ടേറെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ നൽകിയ പരാതിയിൽ അഴകൊഴമ്പൻ നിലപാടാണ് ഇടതു സർക്കാർ സ്വീകരിച്ചത്. ഇത്ര വലിയ പദവിയിലിരിക്കുന്ന വ്യക്തി നടത്തുന്ന ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതാവില്ല. അത് തിരുത്തേണ്ടത് ഭരണകൂടമാണ്.
കലായലങ്ങൾ കേന്ദ്രീകരിച്ചുള്ള ആർഎസ്എസിന്റെ ആയുധ പരിശീലനം പി ജയരാജൻ പോലും സമ്മതിച്ചതാണ്. ഒരു നടപടിയുമുണ്ടായില്ല. കൊടിഞ്ഞി ഫൈസൽ, റിയാസ് മൗലവി, ഫഹദ് എന്ന പിഞ്ചു ബാലൻ എന്നിവരെയടക്കം മതഭ്രാന്ത് മൂത്ത് കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയവർ നിരവധിയുണ്ട്. തങ്ങൾ എല്ലാ ഗുണവും കൈവരിച്ച ഉത്തമ ഭീകര സംഘടനയാണെന്ന് ആർഎസ്എസ് പലപ്പോഴും തെളിയിച്ചു. പക്ഷേ ഭരണകൂടം അനങ്ങുന്നില്ല. 
ഇവരെ കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാതെ വിരമിക്കാൻ പോകുന്ന ബെഹ്‌റ ഒരു സമുദായത്തെ അപ്പാടെ ചൂണ്ടയിൽ കോർത്ത് ആവശ്യക്കാർക്ക് എറിഞ്ഞു നൽകിയാണ് പോകുന്നത്. 
തിരുത്തേണ്ടത് ബെഹ്‌റയെ നിയന്ത്രിക്കേണ്ട ഭരണകൂടമാണ്. നടപടി സ്വീകരിക്കേണ്ടത് സർക്കാറാണ്. ദൗർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളുടെ കയ്യടിയും വോട്ടും ലഭിക്കേണ്ടുന്ന പ്രസ്താവനകൾക്ക് മാത്രമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും താൽപ്പര്യമെന്നും ഫിറോസ് ആരോപിച്ചു.
 

Latest News