ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടിലെ അഴിമതിയെ കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ലെന്നും ബിജെപി സര്‍ക്കാര്‍ ഇത് അന്വേഷിക്കുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സഞ്ജയ് സിങ്. ഈ ഭൂമി കുംഭകോണം അന്വേഷിക്കാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. രാമക്ഷേത്ര ട്രസ്റ്റുമായി ചേര്‍ന്ന് ബിജെപി ഫണ്ട് മുക്കുകയാണെന്നും ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തു വന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ കോടതിയെ സമീപിക്കും. രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണം. എന്നാല്‍ ഈ സത്യസന്ധതയില്ലാത്ത ആളുകള്‍ അതിനു സമ്മതിക്കില്ല- അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് രാമ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നത്. രാമന്റെ പേരില്‍ ബിജെപി അഴിമതി നടത്തുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യ മേയര്‍ ഋഷികേഷ് ഉപാധ്യയ, ട്രസ്റ്റ് അംഗങ്ങളായ അനില്‍ കുമാര്‍ മിശ്ര, ചമ്പത് റായ്, ഹരിഷ് പഥക്, കുസും പഥക്, സുല്‍ത്താന്‍ അന്‍സാരി, എസ്.പി സിങ്, ദീപ് നാരായണ്‍ ഉപാധ്യയ് എന്നിവര്‍ക്കെതിരെ സഞ്ജയ് സിങ് അയോധ്യ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി നേതാവിന്റ ആരോപണത്തില്‍ വസ്തുത ഇല്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം.