ന്യൂദല്‍ഹി- രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കുന്നതിനായുള്ള തെരഞ്ഞെടുപ്പു ബോണ്ടിന്റെ രൂപരേഖയെ കുറിച്ച് നിരീക്ഷകരില്‍നിന്ന് സമ്മിശ്ര പ്രതികരണം. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് മറഞ്ഞിരിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഇതിന് സുതാര്യത അവകാശപ്പെടാനാവിെല്ലന്നാണ് വിമര്‍കരുടെ ഭാഗത്തുനിന്നുള്ള മുഖ്യ ആക്ഷേപം.
കഴിഞ്ഞ ആഴ്ചയാണു ജയ്റ്റ്‌ലി തെരഞ്ഞെടുപ്പ് ബോണ്ട് ലോക്‌സഭയില്‍ പ്രഖ്യാപിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ മാറ്റിയെടുക്കാവുന്നയായിരിക്കും തെരഞ്ഞെടുപ്പു ബോണ്ടുകള്‍. ഈ ബോണ്ടുകളില്‍ സംഭാവന നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തില്ലെന്നും ധനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
1000 രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള തെരഞ്ഞെടുപ്പു ബോണ്ടുകളാണു പുറത്തിറക്കുന്നത്. ബോണ്ട് മാറി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം കൈപ്പറ്റുന്നത് വരെ എസ്ബിഐ ആയിരിക്കും സംഭാവന നല്‍കുന്ന ആളുടെ പണം സൂക്ഷിക്കുന്നത്. പ്രോമിസറി നോട്ടിനു സമാനമായ പലിശരഹിത ബോണ്ടുകളാണു തെരഞ്ഞെടുപ്പു ബോണ്ടുകള്‍. 15 ദിവസത്തെ കാലാവധിയാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ക്കുള്ളത്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്കു മാത്രമാണു തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ സംഭാവന സ്വീകരിക്കാന്‍ കഴിയുക. മുന്‍ ലോക്‌സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ആകെ ലഭിച്ച വോട്ടിന്റെ ഒരു ശതമാനമെങ്കിലും ലഭിച്ച പാര്‍ട്ടികള്‍ക്കു മാത്രമേ ബോണ്ട് സ്വീകരിക്കാന്‍ അര്‍ഹതയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ സുതാര്യമാക്കുന്നതിനാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പുറത്തിറക്കുന്നതെന്നാണു സര്‍ക്കാര്‍ വിശദീകരണം. സമാന്തര കറന്‍സിയായി മാറാതിരിക്കാനാണു ബോണ്ടുകളുടെ കാലാവധി 15 ദിവസമായി നിജപ്പെടുത്തിയതെന്നും ജയ്റ്റ്‌ലി പാര്‍ലമെന്റിനു പുറത്തു വ്യക്തമാക്കി.
2017ലെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ 2000 രൂപയ്ക്കു മുകളില്‍ പണം സംഭാവന ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന കാര്യം. പകരം തെരഞ്ഞെടുപ്പു ബോണ്ടുകള്‍ ഏര്‍പ്പെടുത്തുമെന്നും അന്നു വ്യക്തമാക്കിയിരുന്നു. ഈ സംവിധാനം രാഷ്ട്രീയ രംഗത്തെ കള്ളപ്പണത്തിന്റെ ഒഴുക്കു പൂര്‍ണമായും തടയും. ഓരോരുത്തരും പാര്‍ട്ടികള്‍ക്കു നല്‍കിയ സംഭാവന എത്രയാണെന്നത് സംബന്ധിച്ചു കൃത്യമായ രേഖയുണ്ടായിരിക്കും.
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും വേണ്ടി എല്ലാതരത്തിലുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. അപ്രായോഗിക നിര്‍ദേശങ്ങള്‍ പണാധിപത്യമുള്ള സംവിധാനത്തെ മറികടക്കാന്‍ ഉപകരിക്കില്ല.
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ പത്തു ദിവസം വീതമാണു ബോണ്ടുകള്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നത്. പൊതു തെരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷം 30 ദിവസത്തേക്കാണു ബോണ്ടു വാങ്ങാന്‍ കഴിയുക. സംഭാവന നല്‍കുന്ന വ്യക്തിയുടെ പേര് ബോണ്ടില്‍ രേഖപ്പെടുത്തില്ല.
എസ്ബിഐയില്‍ കെവൈസി വിവരങ്ങള്‍ വെളിപ്പെടുത്തിയ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മാത്രമാണു ബോണ്ടു വാങ്ങാന്‍ കഴിയുക. 1000 രൂപയുടെ ഗുണിതങ്ങളായ 10,000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നീ തുകകള്‍ക്ക് ബോണ്ടുകള്‍ ലഭ്യമാകും. ഡിജിറ്റല്‍ പേമെന്റ് വഴിയോ ചെക്ക് നല്‍കിയോ ബാങ്കില്‍നിന്നും ബോണ്ട് വാങ്ങാം. സംഭാവന നല്‍കുന്ന ആള്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണു ബോണ്ട് നല്‍കുന്നതെന്നു വ്യക്തമാക്കാം. ബോണ്ട് ലഭിച്ച പാര്‍ട്ടി അത് ബാങ്കില്‍ നിക്ഷേപിക്കുകയും വിശദ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനില്‍ രേഖമൂലം നല്‍കുകയും ചെയ്യണം. എസ്ബിഐയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ മാത്രമേ ഈ ബോണ്ടുകള്‍ പണമായി മാറ്റാന്‍ കഴിയുകയുള്ളൂ.