റിയോ ഡി ജനീറോ- ഇന്ത്യയുടെ കോവാക്‌സിന്‍ അത്രമാത്രം ശക്തമാണെന്നും അത് പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയെ താഴെ ഇറക്കുമെന്നും ബ്രസീലില്‍ പ്രചാരണം. രാജ്യത്ത് എത്തിക്കാത്ത ഇന്ത്യന്‍ കോവിഡ് വാക്‌സിന്റെ പേരില്‍ സിംഗപ്പൂരില്‍നിന്ന് 45 ദശലക്ഷം ഡോളറിന്റെ ബില്‍ ലഭിച്ചതാണ് ബ്രസീലില്‍ വിവാദമായത്.
ഇന്ത്യന്‍ സ്ഥാപനമായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ പേരിലുള്ള ഇന്‍വോയിസ് മാര്‍ച്ച് 18 നാണ് ബ്രസീലിലെത്തിയത്.
എത്തിച്ചേരാത്ത വാക്‌സിന്റെ ഇന്‍വോയിസ് അംഗീകരിക്കാന്‍ മേധാവികളില്‍നിന്ന് വലിയ സമ്മര്‍ദമാണുണ്ടായതെന്ന് ബ്രസീല്‍ ആരോഗ്യ മന്ത്രാലയത്തില്‍ മരുന്ന് ഇറക്കുമതിക്ക് നേതൃത്വം നല്‍കുന്ന റികാര്‍ഡോ മിരാണ്ട സെനറ്റ് സമിതി മുമ്പാകെ മൊഴി നല്‍കി.
ബ്രസീലില്‍ അഞ്ച് ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് സമിതി അന്വേഷിക്കുന്നത്.
ഫലപ്രദമായ വാക്‌സിന്‍ വിലക്കുറവില്‍ ലഭ്യമായിട്ടും അംഗീകരിക്കാതിരുന്ന ബോള്‍സനാരോ എന്തുകൊണ്ട് കൂടുതല്‍ വില നല്‍കി ഇന്ത്യന്‍ വാക്‌സിന്‍ സമ്മതിച്ചു എന്നതാണ് ചോദ്യം.
കോവാക്‌സിനായുള്ള 300 ദശലക്ഷം ഡോളറിന്റെ കരാറില്‍ ഇന്‍വോയിസ് അയച്ച മാഡിസണ്‍ ബയോടെക് കമ്പനിയുടെ പേരില്ലായിരുന്നുവെന്നത് സംശയത്തിനിടയാക്കിയെന്ന് മാഡിസണ്‍ പറഞ്ഞു. ബ്രസീല്‍ അധികൃതരുടെ അനുമതി ലഭിക്കാത്ത വാക്‌സിന്‍ രാജ്യത്ത് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക് ആദ്യം ഒരു ഡോസിന് 1.34 ഡോളറാണ് വില പറഞ്ഞിരുന്നതെന്നും എന്നാല്‍ ഡോസിന് 15 ഡോളര്‍ നല്‍കാമെന്നാണ് സമ്മതിച്ചിരുന്നതെന്നും എസ്റ്റാഡോ ഡി സാവോ പോളോ റിപ്പോര്‍ട്ടില്‍ പറയുന്നു.