തൃശൂർ - 1982 ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പദ്യം ചൊല്ലലിൽ പങ്കെടുത്ത കെ. രാജീവ് എന്ന വിദ്യാർഥിക്ക് അന്ന് സമ്മാനമൊന്നും കിട്ടിയില്ല. 36 വർഷങ്ങൾക്കിപ്പുറം തന്റെ മകൾ ആർ.ദേവിക സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടുമ്പോൾ അന്നത്തെ കെ.രാജീവ് എന്ന വിദ്യാർഥിക്ക് ഇതൊരു മധുരപ്രതികാരം. കിട്ടാതെ പോയ സമ്മാനം മകൾ നേടിയെടുത്തതിലെ ചാരിതാർഥ്യവും സന്തോഷവും രാജീവിന് പറഞ്ഞറിയിക്കാനാവുന്നില്ല.
പാലക്കാട് തൃക്കടീരി പി.ടി.എം എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ ദേവിക മലയാളം പദ്യം ചൊല്ലൽ പഠിച്ചത് അച്ഛൻ രാജീവിൽനിന്നാണ്. വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ് പ്രിൻസിപ്പലാണ് രാജീവ് ഇപ്പോൾ. ആ സ്‌കൂളിലെ വിദ്യാർഥികളും സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തിയിട്ടുണ്ട്. അവരെ ഒരുക്കുന്നതിനിടെയാണ് മകൾ പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയതറിഞ്ഞത്. സുഗതകുമാരിയുടെ പശ്ചിമഘട്ടം എന്ന പദ്യമാണ് ദേവിക ചൊല്ലിയത്. ചൊല്ലാൻ ഇമ്പവും താളവുമുള്ള പശ്ചിമഘട്ടം അച്ഛൻ രാജീവാണ് തെരഞ്ഞെടുത്തത്. 82 ൽ പദ്യം ചൊല്ലലിൽ ഒന്നും കിട്ടാതെ കലോത്സവേദി വിട്ട രാജീവ് 84 ൽ അക്ഷര ശ്ലോകത്തിൽ രണ്ടാം സ്ഥാനം നേടി. എം.കെ. ഷീജയാണ് ദേവികയുടെ അമ്മ.