ഭോപ്പാല്‍- കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെ കുറിച്ച് താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിംഗ് സൈബര്‍ പോലീസിനെ സമീപിച്ചു.
ലീക്കസ് ക്ലബ് ഹൗസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വ്യാജ പ്രചാരണം ആരംഭിച്ചതെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു.
ഓഡിയോ മാത്രം അനുവദിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പായ ക്ലബ് ഹൗസില്‍ മേയ് 15ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെന്നും പിറ്റേന്നാള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിച്ച ലീക്ക്‌സ് ക്ലബ് ഹൗസ് ട്വിറ്റര്‍ ഹാന്‍ഡില്‍ വ്യാജ പ്രചാരണം ആരംഭിച്ചുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് സിംഗ് ചില പാക്കിസ്ഥാനികളോട് പറഞ്ഞുവെന്നാണ് പ്രചാരണം.
ഇത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും സംസാരം വളിച്ചൊടിച്ചുവെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിംഗ് പരാതിയില്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.