Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്ക് ജുലൈയിലും കൂടുതലായി വാക്‌സിന്‍ ലഭിക്കില്ലെന്ന് കണക്കുകള്‍

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ തള്ളിമറിക്കുന്നതു പോലെ അടുത്ത മാസവും ഇന്ത്യക്കാര്‍ക്ക് കൂടുതലായി കോവിഡ് വാക്‌സിന്‍ ലഭിക്കില്ലെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍. ജൂലൈയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 12 കോടി ഡോസ് വാക്‌സിന്‍  നീക്കിവച്ചിരിക്കുന്നുവെന്നാണ് കേന്ദ്രം ശനിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറുന്നത്. 10 കോടി ഡോസ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡും രണ്ട് കോടി ഡോസ് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്‌സിനുമാണിത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ദിവസം ഒരു കോടി ഡോസ് എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇതു മതിയാവില്ല. ദിവസവും 40 ലക്ഷം ഡോസിന്റെ കുറവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാനായി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതും സംശയത്തിലാണ്.

ജൂണില്‍ വാക്‌സിനേഷനില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ജൂണ്‍ ഒന്നിനും 27നുമിടയില്‍ 10.8 കോടി ഡോസ് ആണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. ദിനംപ്രതി ശരാശരി 40 ലക്ഷം ഡോസ്. ഈ നിരക്കില്‍ നിന്ന് അടുത്ത മാസം വലിയ വര്‍ധനയൊന്നും ഉണ്ടാകില്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ജൂണ്‍ 22നും 26നുമിടയില്‍ ദിനം പ്രതി 54 മുതല്‍ 65 ലക്ഷം വരെ ഡോസ് വിതരണം നടന്നു. ഡിസംബറോടെ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ആരോഗ്യ മന്ത്രാലയം പറഞ്ഞതിലും കുറവാണ് ഈ കണക്ക് എന്നതും സര്‍ക്കാരിന്റെ വാദങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്.
 

Latest News