കണ്ണൂര്‍- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം പുറത്താക്കിയ സി. സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്തേക്കും. സി.പി.എം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകനാണ് സജേഷ്. കടത്തിയ സ്വര്‍ണം ഇയാള്‍ കൈകാര്യം ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന് സജേഷിന് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്ത ശേഷം അതില്‍നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും സജീഷിനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കിക്ക് കാര്‍ എടുത്തു നല്‍കിയത് സജേഷാണ്. ഇത് കണ്ടെത്തിയതോടെയാണ് സജേഷിനെ പാര്‍ട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയത്.
സ്വര്‍ണം കടത്താന്‍ അര്‍ജുന്‍ ആയങ്കി കരിപ്പൂരിലേക്ക് കൊണ്ടുപോയ കാര്‍ സി.പി.എം അംഗം സജേഷിന്റേതാണെന്നത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.