ന്യൂദല്‍ഹി- അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2022 ജൂണ്‍ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്.
2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്ധനായ കെ.കെ. വേണുഗോപാലിനെ നരേന്ദ്ര മോഡി സര്‍ക്കാര്‍ അറ്റോര്‍ണി ജനറലായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമനം. കാലാവധി പൂര്‍ത്തിയാക്കാന്‍ ഇരിക്കെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി കെ.കെ. വേണുഗോപാലിനോട് കഴിഞ്ഞ വര്‍ഷം അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കിയിരുന്നു.
ഈ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കുന്നത്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് വേണുഗോപാലിന്റെ സ്വദേശം.
റഫാല്‍ ഇടപാട് ഉള്‍പ്പടെയുളള സുപ്രധാന കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് ശക്തമായ പ്രതിരോധം തീര്‍ത്തത് കെ.കെ. വേണുഗോപാല്‍ ആയിരുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികളിലും, ഭരണഘടനയുടെ 370 -ാം വകുപ്പ് എടുത്ത് കളഞ്ഞതിന് എതിരായ ഹരജികളിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതും വേണുഗോപാലാണ്.
ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് എതിരേ ശക്തമായ വിമര്‍ശമാണ് അറ്റോര്‍ണി ജനറല്‍ പദവിയില്‍ ഇരുന്ന് കൊണ്ട് വേണുഗോപാല്‍ ഉന്നയിച്ചത്. യുവതി പ്രവേശനത്തെ എതിര്‍ത്ത് ന്യൂനപക്ഷ വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് ശരിയെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.