ന്യൂദല്‍ഹി- ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഉടമകളായ വോള്‍മാര്‍ട്ട് തുടങ്ങിയ അഹങ്കാരികളായ അമരേിക്കന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഈ കമ്പനികള്‍ നിയമവിരുദ്ധമായി ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറച്ച് നല്‍കുന്നത് വിപണിയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഈ വമ്പന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഇന്ത്യയില്‍ പരസ്യമായി നിയമങ്ങള്‍ ലംഘിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇവരുമായി പലതവണ നേരിട്ട് ഇടപഴകിയിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കന്‍ കമ്പനികളുമായി. അവരില്‍ അല്‍പ്പം അഹങ്കാരവും കണ്ടിട്ടുണ്ട്- ഒരു വെര്‍ച്വല്‍ പരിപാടിയില്‍ മന്ത്രി പറഞ്ഞു.
അതേസമയം ആമസോണിന്റേയും വോള്‍മാര്‍ട്ടിന്റേയും പേര് മന്ത്രി പരാമര്‍ശിച്ചില്ല. ഇവര്‍ ഏതൊക്കെ നിയമങ്ങളാണ് ലംഘിച്ചതെന്നും മന്ത്രി വ്യക്തമാക്കിയില്ല. ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെ ചെറുകിട വ്യാപാരികള്‍ വലിയ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ നിയമവും മത്സര നിയമവും അട്ടിമറിക്കുകയാണ് വിദേശ ഇ-കൊമേഴ്‌സ് കമ്പനികളെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം.