Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ഡിസംബറില്‍, കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്‌സിന്‍  

ന്യൂദല്‍ഹി- ഇന്ത്യയില്‍ 12 വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓഗസ്‌റ്റോടെ കോവിഡ് വാക്‌സിന്‍ ലഭ്യമായേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു.
വരും ദിവസങ്ങളില്‍ പ്രതിദിനം ഒരുകോടി പേര്‍ക്ക് വാക്‌സിന്‍ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്‌റ്റോടെയോ ഈ വാക്‌സിന്‍ 12 18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതിനും കുട്ടികള്‍ക്ക് വീടിന് പുറത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും അതോടെ വഴിയൊരുങ്ങും. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഉപയോഗിച്ച് രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ സെപ്റ്റംബറില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമായേക്കും. ഫൈസര്‍ വാക്‌സിന് അതിനുമുമ്പ് അനുമതി ലഭിച്ചാല്‍ അതും കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയും.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡില  വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഉടന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടുമെന്നാണ് ലഭ്യമായ വിവരം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നല്‍കാന്‍ കഴിയുന്ന വാക്‌സിനാണ് അതെന്നാണ് അവകാശവാദം. സൈഡസ് വാക്‌സിന് അനുമതി ലഭിച്ചാല്‍ അതും കുട്ടികള്‍ക്കുവേണ്ടി പരിഗണിക്കാന്‍ കഴിയും. കുട്ടികള്‍ക്ക് വളരെ നേരിയതോതില്‍ മാത്രമേ കോവിഡ് ബാധിക്കാന്‍ ഇടയുള്ളൂ. പലരിലും ലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ അവര്‍ കോവിഡ് വാഹകരമായി മാറിയേക്കാം. എന്നാല്‍ സ്‌കൂളുകള്‍ തുറക്കേണ്ടതുണ്ട്. അതില്‍ സുപ്രധാന പങ്ക് വഹിക്കാനുള്ളത് വാക്‌സിനേഷനാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് ഗുരുതരമായ രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലെങ്കിലും വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുമ്പോള്‍ വരാവുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളിലെ കോവിഡ് ബാധ സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ നടത്താനും അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. അതിനിടെ രാജ്യത്ത് 12 നും 18 നുമിടെ പ്രായമുള്ള 13 മുതല്‍ 14 കോടിവരെ കുട്ടികളുണ്ടെന്നും അവര്‍ക്ക് നല്‍കുന്നതിനായി 25- 26 കോടി ഡോസ് വാകസിന്‍ വേണ്ടിവരുമെന്നും നീതി ആയോഗം അംഗം ഡോ. വി.കെ പോള്‍ അടുത്തിടെ പറഞ്ഞിരുന്നു.
 

Latest News