റിയാദ് - റിലീഫ് പ്രവര്‍ത്തന സംഭാവന ശേഖരണ നിയമാവലി പാലിക്കണമെന്നും നിയമാനുസൃത മാര്‍ഗങ്ങളില്‍ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ സംഭാവനകള്‍ നല്‍കാവൂയെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
നിയമ വിരുദ്ധമായി സംഭാവനകള്‍ ശേഖരിച്ച 26 പേര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പതിനെട്ടു സൗദി പൗരന്മാരും എട്ടു വിദേശികളുമാണ് ശിക്ഷകള്‍ നേരിട്ടത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ആഹ്വാനം ചെയ്യുകയും സംഭാവനകള്‍ ശേഖരിക്കുകയും ചെയ്തത് സംഭാവന ശേഖരണ നിയമാവലി ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചത്.
രാജ്യരക്ഷ കാത്തുസൂക്ഷിക്കുകയും, രാജ്യരക്ഷയും ക്രമസമാധാനവും തകര്‍ക്കുന്ന സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ശേഖരിക്കുന്നത് തടയുകയും ചെയ്യുന്ന നിലക്ക് നിയമാനുസൃത രീതിയില്‍, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സുള്ള സൊസൈറ്റികളും പ്ലാറ്റ്‌ഫോമുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ മന്ത്രാലയം പിന്തുണക്കുന്നു.