ന്യൂദല്‍ഹി- കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലദൃശ്യങ്ങളെ ചൊല്ലി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വീണ്ടും വിവാദത്തില്‍. ട്വിറ്റര്‍ സൈറ്റില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന അശ്ലീല ദൃശ്യങ്ങളുണ്ടായിട്ടും എന്തുകൊണ്ട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തില്ലെന്ന് ചോദിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ ദല്‍ഹി പോലീസ് സൈബര്‍ സെല്ലിന് സമന്‍സയച്ചു.
ജൂണ്‍ 29ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകണമെന്ന് ദല്‍ഹി പോലീസ് സൈബര്‍ സെല്‍ ഡി.സി.പിക്കാണ് സമന്‍സ് അയച്ചത്. ട്വിറ്ററില്‍ ലഭ്യമായ കുട്ടികളെ അശ്ലീല ദൃശ്യങ്ങള്‍ സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചുവെന്ന് ബോധിപ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ട്വിറ്ററിനെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറുമായി ഹാജരാകാനാണ് ദല്‍ഹി സൈബര്‍ ക്രൈം ഡി.സി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എന്‍.സി.പി.സി.ആര്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോ പറഞ്ഞു.
കുട്ടികളെ ചൂഷണം ചെയ്യുന്ന പോണോഗ്രാഫി സംബന്ധിച്ച കമ്മീഷന്റെ അന്വഷണത്തിന് ട്വിറ്റര്‍ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നല്‍കിയതെന്നും ഇത് പോക്‌സോ നിയമപ്രകാരം വലിയ തെറ്റാണെന്നും പ്രിയങ്ക് പറഞ്ഞു.