റിയാദ്- കഴിഞ്ഞ വർഷം രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ലഭിച്ച സേവനങ്ങളിൽ ബഹുഭൂരിപക്ഷം യാത്രക്കാരും സംതൃപ്തർ. എങ്കിലും ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭ്യമായ സേവനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയത് 59 ശതമാനം മാത്രമാണെന്ന് സൗദി സിവിൽ ഏവിയേഷൻ അസോസിയേഷൻ റിപ്പോർട്ട്.
റിയാദ് കിംഗ് ഖാലിദ്, ജിദ്ദ കിംഗ് അബ്ദുൽ അസീസ്, ദമാം കിംഗ് ഫഹദ് എന്നീ വിമാനത്താവളം കേന്ദ്രീകരിച്ച് 4,50,000 യാത്രക്കാരിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി റിപ്പോർട്ട് തയാറാക്കിയത്.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരിൽ 74 ശതമാനവും ലഭ്യമായ സേവനങ്ങളിൽ തൃപ്തരാണ്. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ച സേവനങ്ങളിൽ 71 ശതമാനം യാത്രക്കാരും സംതൃപ്തി രേഖപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. യാത്രക്കാർക്ക് ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് കൃത്യവും വിശ്വസ്വനീയവുമായ സംവിധാനങ്ങളാണ് സ്വീകരിച്ചതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ക്വാളിറ്റി ആൻഡ് കസ്റ്റർമർ കെയർ മേധാവി എൻജി. അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദഹ്മിശ് പറഞ്ഞു. വിമാനത്താവളങ്ങളിലെ ശുചിത്വം, യാത്രാ നടപടിക്രമങ്ങളും ഗ്രൗണ്ട് സർവീസുകളും, ടെർമിനലുകളിലെ ലോജിസ്റ്റിക് സേവനം, ഷോപ്പിംഗ് ആൻഡ് റസ്റ്റോറന്റ് സേവനം, സർവീസുകളുടെ സമയക്രമം എന്നീ കാര്യങ്ങളിൽ യാത്രക്കാരുടെ അഭിപ്രായങ്ങളാണ് പഠന വിധേയമാക്കിയത്. അതോറിറ്റി വിഭാവനം ചെയ്യുന്ന നിലവാരത്തിലേക്ക് എയർപോർട്ടുകളിലെ സേവനം ഉയർന്നിട്ടില്ലെന്നത് ശരിയാണ്. എങ്കിലും സൗദി വിമാനത്താവളങ്ങൾ വഴി വരുന്നതും പോകുന്നതുമായ യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി പരിശ്രമിക്കുന്നുണ്ടെന്നും ദഹ്മിശ് സൂചിപ്പിച്ചു.