വാഷിംഗ്ടണ്‍- ഓടിത്തുടങ്ങിയ വിമാനത്തില്‍നിന്ന് ചാടിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു.
സോള്‍ട്ട് ലേക്ക് സിറ്റിയിലേക്കുള്ള സ്‌കൈവെസ്റ്റ് വിമാനത്തിലെ യാത്രക്കാരനാണ് സര്‍വീസ് ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത്. അതിന് മുമ്പ് അയാള്‍ കോക്ക് പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. റണ്‍വേയിലേക്ക് വീണ ഇയാള്‍ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
അനിഷ്ടസംഭവത്തെ തുടര്‍ന്ന് തിരിച്ചു വന്ന വിമാനം മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്ര തിരിച്ചത്. രണ്ട് ദിവസം മുമ്പ് ഇതേ വിമാനത്താവളത്തില്‍ മറ്റൊരു വിമാനത്തിന്റെ യാത്ര തടസപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട ഒരു വാഹനം കാര്‍ഗോ ഏരിയയിലൂടെ ഇടിച്ചു കയറിയതായിരുന്നു കാരണം.