Sorry, you need to enable JavaScript to visit this website.

പ്രണയ ബന്ധം അവസാനിപ്പിച്ചതിലുള്ള പക; സമ്മാനമായി  നല്‍കിയ 23 ലക്ഷം രൂപയുടെ ബൈക്ക് യുവതി കത്തിച്ചു 

ബാങ്കോക്ക്- മുന്‍ കാമുകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ താന്‍ സമ്മാനമായി നല്‍കിയ ബൈക്ക് കത്തിച്ച് യുവതി. ബാങ്കോക്ക് സ്വദേശിനിയായ കാനോക് വാന്‍ എന്ന 36കാരിയാണ് മുന്‍ കാമുകന് സമ്മാനം നല്‍കിയ 23ലക്ഷത്തോളം വില വരുന്ന ബൈക്ക് കത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തിലെ പാര്‍ക്കിങ്ങ് മേഖലയിലേക്ക് യുവതി എത്തുന്നതിന്റെയും ബൈക്ക് കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ബാങ്കോക്കില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സഭവം നടന്നത്.  വീണ്ടും ഒന്നിക്കണമെന്ന ആവശ്യം മുന്‍ കാമുകന്‍ നിരസിച്ചതോടെയാണ് യുവതി പക വീട്ടാന്‍ തീരുമാനിക്കുന്നതെന്നാണ്  ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ക്കിങ് മേഖലയിലയിലേക്കെത്തിയ യുവതി മുന്‍ കാമുകന്റെ ബൈക്കിന് മുകളിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ യുവതി പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറുന്നതും പിന്നീട് കാറില്‍ കയറി പോകുന്നതും വീഡിയോയിലുണ്ട്. തീ ആളിപ്പടര്‍ന്നെങ്കിലും ആര്‍ക്കും പൊള്ളലേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആറോളം ബൈക്കുകള്‍ക്കും തീ പിടിച്ചിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
ശ്രീനാഖരിന്‍വിരോട്ട് യൂണിവേഴ്‌സിറ്റി പ്രസര്‍മിറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ സ്‌കൂളിനുള്ളിലെ പാര്‍ക്കിങ്ങ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടിച്ചെന്നായിരുന്നു വിവരം ലഭിച്ചത്. എലമെന്ററി സ്‌കൂള്‍ കെട്ടിടവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള കെട്ടിടം കൂടിയായിരുന്നു ഇത്. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ കുട്ടികള്‍ ഇല്ലാത്തത് അപകടം ഒഴിവാക്കി' പോലീസ് ഓഫീസര്‍ മോങ്കൂട്ട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാനോക്കിന്റെ മുന്‍ കാമുകന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും സ്ഥലത്തെത്തിയ അഗ്‌നിശമന സേനയ്ക്ക് തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. പിന്നീട് പോലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് യുവതി ബൈക്കിന് തീ ഇടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. സ്‌കൂള്‍ ജീവനക്കാരനായ ഒരാളുടെ മുന്‍ കാമുകിയാണ് ഇതെന്നും വ്യക്തമായി. ബുധനാഴ്ചയോടെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 

Latest News