ന്യൂദല്‍ഹി- ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി അഞ്ച് കമ്പനികളില്‍ നിന്ന് 188 ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. 136 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള വെറും 5.6 ശതമാനത്തിനു മാത്രമെ ഇതുവരെ പൂര്‍ണമായും (രണ്ട് ഡോസ്) വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ കണക്ക്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള 94 കോടി പേരാണ് ഇന്ത്യയിലുള്ളത്. ഇവര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കാന്‍ 186-188 കോടി ഡോസുകള്‍ ആവശ്യമാണ്. ഇതില്‍ 51.6 കോടി ഡോസും ജൂലൈ 31നകം ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് ആവശ്യമായത് ഡോസ് 135 കോടിയാണ്- ആരോഗ്യ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.
ഈ 135 കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതും വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതി വിശദാംശങ്ങളും കേന്ദ്രം 375 പേജ് വരുന്ന ഈ സത്യവാങ്മൂലത്തില്‍ വിശദമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിയെ കുറിച്ച് വിശദമായ പ്ലാന്‍ സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ബയോളജിക്കല്‍ ഇ, സൈഡസ് കാഡില എന്നീ മരുന്ന് കമ്പനികളുടെ വാക്‌സിനുകളും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം പറയുന്നു. ജൂണ്‍ 25 വരെ രാജ്യത്തൊട്ടാകെ 31 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതേയും വാക്‌സിന്‍ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.