കൊല്‍ക്കത്ത- കൊല്‍ക്കത്തയില്‍ വ്യാജ വാക്‌സിന്‍ ക്യാമ്പില്‍ നിന്ന് കുത്തിവെപ്പെടുത്ത തൃണമൂല്‍ എംപിയും പ്രമുഖ നടിയുമായ മിമി ചക്രബര്‍ത്തിക്ക് അസുഖം. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ കൊല്‍ക്കത്ത നഗരസഭ ഉദ്യോഗസ്ഥന്‍ ചമഞ്ഞ ഒരു തട്ടിപ്പുകാരന്റെ വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്ന് വ്യാജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെ കലശലായ വയറു വേദനയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ വീട്ടില്‍ വരുത്തി പരിശോധിച്ചു. രക്തസമ്മര്‍ദ്ദം കുറയുകയും നിര്‍ജലീകരണം സംഭവിച്ചതായും അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഈ ശാരീരിക അസ്വസ്ഥതകള്‍ക്ക് വ്യാജ വാക്‌സിനുമായി ബന്ധമുണ്ടോ എന്നു പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇവര്‍ക്ക് നേരത്തെ തന്നെ കരള്‍ സംബന്ധമായ അസുഖമുണ്ട്. അതേസമയം മിമിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. പ്രമുഖ നടികൂടിയായ മിമിയുടെ ഇടപെടലിലൂടെയാണ് കൊല്‍ക്കത്തയിലെ വ്യാജ വാക്‌സിന്‍ ക്യാമ്പ് വെളിച്ചത്തായത്.