കറാച്ചി- മാമ്പഴം കഴിക്കുന്ന കാര്യത്തില്‍ പ്രമേഹ രോഗികളുടെ കാര്യമാണ് കഷ്ടം. കാരണം പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉള്ളതിനാല്‍ സ്വാദിഷ്ടമായ മാമ്പഴം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഇവിടെയാണ് പ്രമേഹ രോഗികള്‍ക്ക് ആശ്വാസവുമായി പാക്കിസ്ഥാനിലെ ഒരു കര്‍ഷകന്‍ രംഗത്ത് എത്തുന്നത്. അദ്ദേഹം തയ്യാറാക്കുന്ന മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണെന്നതാണ് സവിശേഷമായ കാര്യം.
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതും ഏവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതുമായ മാമ്പഴത്തിന്റെ സീസണ്‍ എത്തിക്കഴിഞ്ഞു. മില്‍ക്ക് ഷെയ്ക്കുകള്‍ മുതല്‍ ഐസ്‌ക്രീമുകള്‍ വരെയുള്ള എല്ലാ വിഭവങ്ങളുടെയും പാചക കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. മാമ്പഴ ഉല്‍പ്പന്നങ്ങള്‍ കൊതിയൂറും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഓണ്‍ലൈനില്‍ ഇതിനോടകം തന്നെ തങ്ങളുടെ സാന്നിധ്യം സജീവമാക്കിയിട്ടുണ്ട്. മാമ്പഴം വ്യാപകമായി ഉപയോഗിക്കുമ്പോഴും പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ പ്രമേഹമുള്ളവര്‍ അവ കഴിക്കുന്നത് ആശങ്കാജനകമാണ്.
അതേസമയം, പ്രമേഹരോഗികള്‍ക്ക് വലിയ ആശ്വാസമായി, നാലു മുതല്‍ ആറു ശതമാനം വരെ പഞ്ചസാരയില്ലാത്ത മൂന്നുതരം പഞ്ചസാരരഹിത മാമ്പഴങ്ങളുമായി ഒരു പാക്കിസ്ഥാനി വിദഗ്ദ്ധന്‍ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തയ്യാറാക്കിയ സോനാരോ, ഗ്ലെന്‍, കീറ്റ് എന്നീ പേരുകളില്‍ മൂന്നുതരം പഞ്ചസാരരഹിത മാമ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സിന്ധിലെ ടാന്‍ഡോ അലഹയാറിലെ 'എം എച്ച് പന്‍വാര്‍ ഫാംസ്' എന്ന സ്വകാര്യ കാര്‍ഷിക ഫാമിലെ മാമ്പഴ വിദഗ്ദ്ധന്റെ ശാസ്ത്രീയ പരിചരണത്തിന് ശേഷമാണ് അവ പാക്കിസ്ഥാനിലെ വിപണികളില്‍ അവതരിപ്പിച്ചത്.
'മാമ്പഴവും വാഴപ്പഴവും ഉള്‍പ്പെടെയുള്ള പഴങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പന്‍വാറിനു സിതാര ഇ ഇംതിയാസ് ബഹുമതി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം, ഞാന്‍ അദ്ദേഹത്തിന്റെ ജോലി തുടരുന്നു. പാക്കിസ്ഥാനിലെ അന്തരീക്ഷത്തിലും മണ്ണിലുമുള്ള വളര്‍ച്ച പരിശോധിക്കുന്നതിനായി വിവിധതരം മാമ്പഴങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതിനു ശേഷം ഞങ്ങള്‍ അതില്‍ ശാസ്ത്രീയ പരിചരണം നടത്തിയാണ് പഞ്ചസാരയുടെ അളവ് കുറച്ചത്.' എം എച്ച് പന്‍വാറിന്റെ അനന്തരവനും ഒരു മാമ്പഴ വിദഗ്ദ്ധനുമായ ഗുലാം സര്‍വാര്‍ പറഞ്ഞു.
സിന്ധ്രി, ചൗണ്‍സ തുടങ്ങിയ ഇനങ്ങളില്‍ 12 മുതല്‍ 15 ശതമാനം വരെ പഞ്ചസാര ഉണ്ടെങ്കിലും തന്റെ കൃഷിയിടത്തിലെ ചില ഇനങ്ങള്‍ക്ക് 4. 5 ശതമാനം പഞ്ചസാരയുടെ അളവ് മാത്രമേയുള്ളൂവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കീറ്റ് ഇനങ്ങളില്‍ ഏറ്റവും കുറഞ്ഞ പഞ്ചസാരയുടെ അളവ് 4.7 ശതമാനമാണെന്നും സോനാരോ, ഗ്ലെന്‍ എന്നിവയ്ക്ക് പഞ്ചസാരയുടെ അളവ് യഥാക്രമം 5.6 ശതമാനവും ആറു ശതമാനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാാന്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴം നിലവില്‍ കിലോഗ്രാമിന് 150 രൂപ നിരക്കിലാണ് ലഭിക്കുന്നത്. മാമ്പഴത്തിന്റെ വില സാധാരണക്കാരായ ആളുകള്‍ക്ക് താങ്ങാനാവുന്ന നിരക്കിലാണ് എം എച്ച് പന്‍വാര്‍ ഫാംസ് നല്‍കുന്നത്.
സര്‍ക്കാരിന്റെ സഹായമില്ലാതെ വ്യക്തിഗത അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും 300 ഏക്കര്‍ സ്ഥലത്ത് നൂതന, മധ്യ, ആദ്യകാല ഇനങ്ങള്‍ ഉള്‍പ്പെടെ 44 തരത്തിലുള്ള മാമ്പഴ ഇനങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.
മാമ്പത്തിന്റെ ഷെല്‍ഫ് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹരോഗികള്‍ക്കായി അതിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പുതിയ ഇനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഗുലാം സര്‍വാര്‍. ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനും പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുന്നതിനും തങ്ങള്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.