Sorry, you need to enable JavaScript to visit this website.

പോരാളി സിംഹങ്ങൾക്ക് പാർട്ടിയുമായി ബന്ധമില്ല; ഡി.വൈ.എഫ്.ഐ

കണ്ണൂർ- സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് കണ്ണൂർ ജില്ലാ ഡി.വൈ.എഫ്.ഐ. കളളക്കടത്തിന് മറയാക്കാൻ പാർട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ നേതാവ് എം.ഷാജർ വ്യക്തമാക്കി. 
ഷാജറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പാർട്ടിയോ, ആര് ?
പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും സ്വർണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരോ. കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി, ഏത് നിറമുള്ള പ്രൊഫയിൽ വെച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.
സോഷ്യൽ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ  കൃത്രിമമായി സൃഷ്ടിക്കുവാൻ എളുപ്പമാണ്.
ഇവിടെ നമ്മൾ കാണുന്നതും അത്തരം രീതി തന്നെയാണ്. ചുവന്ന പ്രൊഫയിൽ വെച്ച് ആവേശം വിതറുന്ന തലക്കെട്ടിൽ തരാതരം ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയിൽ എത്തിക്കാം.
ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ 'നേതാക്കളായി' മാറി.
പകൽ മുഴുവൻ ഫെയ്‌സ് ബുക്കിലും,രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങൾ'.
കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇവരുടെ  ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പൊഴും അവരിൽ ചിലർക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു. കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്‌നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബ്ബുകാർ സ്വയം പിരിഞ്ഞ് പോവുക.
നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ല. ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളിൽ  സി.പി.ഐ.എം  കാൽനട ജാഥകൾ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്. ഒടുവിൽ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാർട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്. 
അതിനാൽ സംശയത്തിന് ഇടമില്ലാതെ യാഥാർത്ഥ്യം തിരിച്ചറിയുക. ഇത്തരം അരാജകത്വ സംഘങ്ങളിൽ നിന്നും നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക.
 

Latest News