ന്യൂദൽഹി- കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ചേർക്കാനുള്ള സംവിധാനം നിലവിൽ വന്നു. കോവിൻ സർട്ടിഫിക്കറ്റിലാണ് പാസ്‌പോർട്ട് നമ്പർ കൂടി ചേർക്കാനുള്ള സംവിധാനമായത്. കേരള സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ കൂടി ചേർക്കാനുള്ള സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരുന്നു. എന്നാൽ കോവിൻ പോർട്ടലിൽ ഏത് തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണോ വാക്‌സിൻ സ്വീകരിച്ചത് ആ രേഖയുടെ നമ്പർ മാത്രമേ ചേർക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പാസ്‌പോർട്ട് നമ്പർ കൂടി ചേർക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാതലത്തിലാണ് പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയത്. ശ്രദ്ധിക്കേണ്ട കാര്യം, ഒരിക്കൽ നൽകിയ പാസ്‌പോർട്ട് വിവരം പിന്നീട് മാറ്റാനാകില്ല. അതിനാൽ ഏറെ സൂക്ഷ്മതയോടെ മാത്രമേ പാസ്‌പോർട്ട് നമ്പർ നൽകാവൂ. പോർട്ടലിലെ raise an issue എന്ന ഓപ്ഷന് താഴെയാണ് പാസ്‌പോർട്ട് നമ്പർ ചേർക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയത്. ഇതിൽ പാസ്‌പോർട്ട് നമ്പർ നൽകി സബ്മിറ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ഉടൻ തന്നെ ലഭിക്കും. തുടർന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ പാസ്‌പോർട്ട് നമ്പർ കൂടിയുള്ള സർട്ടിഫിക്കറ്റായിരിക്കും ലഭിക്കുക. പാസ്‌പോർട്ടിലും കോവിൻ സർട്ടിഫിക്കറ്റിലും ഒരേ പേര് തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.