Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രി രവിശങ്കറിനേയും ശശി തരൂരിനേയും ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍ വെട്ടിലായി

ന്യൂദല്‍ഹി- യുഎസിലെ പകര്‍പ്പാവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റേയും ശശി തരൂര്‍ എംപിയുടേയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തത് വിവാദമായി. തന്റെ അക്കൗണ്ട് ട്വിറ്റര്‍ ഒരു മണിക്കൂറോളം സമയത്തേക്ക് ബ്ലോക്ക് ചെയ്‌തെന്ന് ആരോപിച്ച് ആദ്യം കേന്ദ്ര മന്ത്രി രവിശങ്കറാണ് രംഗത്തെത്തിയത്. ട്വിറ്ററിന്റെ ഏകപക്ഷീയ നടപടിക്കെതിരെ മന്ത്രി ശക്തമായി പ്രതികരിച്ചു. ഈ സംഭവം ട്വിറ്ററില്‍ ചര്‍ച്ചയായതോടെയാണ് ഇത് തന്റെ അക്കൗണ്ടിനും സംഭവിച്ചു എന്ന് കാണിച്ച് ശശി തരൂരും രംഗത്തു വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളെ ചൊല്ലി കേന്ദ്രവും ട്വിറ്റും കൊമ്പു കോര്‍ക്കുന്നതിനിടെയാണ് ഐടികാര്യമന്ത്രിയുടേയും ഐടി കാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷന്റേയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക് ചെയ്തത്. ഇരുവരുടേയും അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ബ്ലോക്ക് നീക്കിയെങ്കിലും ട്വിറ്ററിന്റെ നടപടി പ്രതികാര നീക്കമായാണ് ചര്‍ച്ചയായത്. പുതിയ ഐടി ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

മന്ത്രിയുടെ അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തതായി ട്വിറ്റര്‍ സമ്മതിച്ചു. യുഎസിലെ ഡിജിറ്റല്‍ മിലേനിയം കോപിറൈറ്റ് ആക്ട് പ്രകാരമായിരുന്നു നടപടിയെന്നും പകര്‍പ്പവകാശം ഉടമ ഇതു സംബന്ധിച്ച് പരാതി നല്‍കിയാല്‍ നടപടി എടുക്കുക എന്നതാണ് തങ്ങളുടെ കോപിറൈറ്റ് പോളിസിയെന്നും ട്വിറ്റര്‍ വ്യക്തമാക്കി. 

എ.ആര്‍ റഹ്‌മാന്റെ 'മാ തുജെ സലാം' എന്ന ജനപ്രിയ ഗാനം പോസ്റ്റ് ചെയ്തതിന് സോണി മ്യൂസിക്കാണ് രവി ശങ്കര്‍ പ്രസാദിനെതിരെ ട്വിറ്ററിന് പകര്‍പ്പാവകാശ ലംഘന പരാതി നല്‍കിയത്. സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഫോണോഗ്രഫിക് ഇന്‍ഡസ്ട്രി (ഐ.എഫ്.പി.ഐ) മേയ് 24നാണ് ട്വിറ്ററിന് പരാതി നല്‍കിയത്. ശശി തരൂര്‍ പോസ്റ്റ് ചെയ്ത റാ റാ റാസ്പുട്ടിന്‍ എന്ന പോപ് ഗാനമാണ് പകര്‍പ്പാവകാശ ലംഘനത്തെ തുടര്‍ന്ന് നീക്കം ചെയ്തത്.

Latest News