മിനിയപ്പലിസ്- യുഎസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊലപാതക കേസില്‍ കുറ്റക്കാരാനായ മുന്‍ പോലീസ് ഓഫീസര്‍ ഡെരക് ഷോവിനെ കോടതി 22.5 വര്‍ഷം തടവിനു ശിക്ഷിച്ചു. 2020 മേയിലാണ് ഫ്‌ളോയ്ഡിനെ ഷോവിന്‍ നിലത്തുവീഴ്ത്തി പിന്‍കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഈ കൊലപാതക വിഡിയോ പ്രചരിച്ചതോടെ വംശീയ വിവേചനത്തിനെതിരെ യുഎസിലൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ ആളിപ്പടര്‍ന്നിരുന്നു.
പോലീസ് ഓഫീസര്‍ എന്ന പദവിയുടെ വിശ്വാസവും അധികാരവും ദുരുപയോഗപ്പെടുത്തിയതിനും ജോര്‍ജ് ഫ്‌ളോയ്ഡിനോട് കാണിച്ച ക്രൂരതയ്ക്കുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. 45കാരനായ ഷോവിനിന്റെ ഏഴു വയസ്സുകാരി മകളുടേയും അമ്മയുടേയും റെക്കോര്‍ഡ് ചെയ്ത സന്ദേശവും കോടതി മുറിയില്‍ കാണിച്ചിരുന്നു. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുംബം കോടതി വിധിയെ സ്വാഗതം ചെയ്തു. ചരിത്രപരമായ ഈ വിധി യുഎസിലെ വംശീയ അനുരജ്ഞനത്തിന് സഹായകമാകുമെന്നും അവര്‍ വിശേഷിപ്പിച്ചു.