ലണ്ടന്‍- ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക്ക് തന്റെ ഉപദേശക ഗിന കൊലഡാന്‍ജെലോയെ ചുംബിക്കുന്ന ചിത്രം പുറത്തു വന്നത് ബ്രിട്ടനില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഹാന്‍കോക്ക് പരസ്യമായി മാപ്പു പറഞ്ഞു. ഈ കോവിഡ് സാഹചര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ താന്‍ ലംഘിച്ചുവെന്ന് മന്ത്രി ഹാന്‍കോക്ക് തെറ്റു സമ്മതിച്ചു. താന്‍ ജനങ്ങളെ വിലകുറച്ചു കണ്ടു. വെരി സോറി എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ മാഹാമാരിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള തന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഓഫീസില്‍ നിന്നുള്ള ചിത്രങ്ങളാണ് പത്രങ്ങളിലൂടെ പുറത്തു വന്നത്. ഭർതൃമതിയായ ഗിനയും മന്ത്രിയും തമ്മിൽ അവിഹിത ബന്ധമുണ്ടന്ന് ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളാണ് ചിത്രങ്ങൾ സഹിതം ആരോപണം ഉന്നയിച്ചത്. കോവിഡിന്റെ തുടക്ക കാലത്ത് കാര്യങ്ങള്‍ ഹാന്‍കോക്ക് കൈകാര്യം ചെയ്ത രീതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വഴിവിട്ട് പലതും ചെയ്‌തെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് ഒപ്പിട്ട പലകരാറുകളുടേയും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല.
എല്ലാവര്‍ക്കും സ്വകാ്യ ജീവിതം ഉണ്ടെന്നും എന്നാല്‍ നികുതിദായകരുടെ പൊതുപണം ഉള്‍പ്പെടുന്നതിനാല്‍ ഇവയെല്ലാം പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പറയുന്നു. മന്ത്രി തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് വന്‍തുകയുടെ കരാറുകളും ജോലിയും നല്‍കിയെന്നാണ് ആരോപണം. ചുംബന വിവാദത്തില്‍ ഉള്‍പ്പെട്ട ഉപദേശകയേയും മന്ത്രി ഹാന്‍കോക്ക് കഴിഞ്ഞ വര്‍ഷം നിയമിച്ചതാണ്.