Sorry, you need to enable JavaScript to visit this website.

ഉമർ ഗൗതമിന്‍റെ അറസ്റ്റ്; ദേശവ്യാപക പ്രതിഷേധമുയരണം-ബഹാവുദ്ദീന്‍ നദ് വി

ഡോ.ബഹാവുദ്ദീന്‍ നദ് വിയുടെ ഫേസ് ബുക്ക് പോസ്റ്റ്

നിർബന്ധിത മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച്, പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ദേശീയ ശ്രദ്ധനേടിയ പ്രബോധകനുമായ മുഹമ്മദ് ഉമർ ഗൗതം സാഹിബിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്തത് അത്യന്തം അപലപനീയവും ഒട്ടേറെ ദുസ്സൂചനകൾ ഉളവാക്കുന്നതുമാണ്.
പാക് ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നടക്കം വിദേശ ഫണ്ട് സ്വീകരിച്ച് ഉത്തർപ്രദേശിലെ ആയിരത്തിലേറെ കുടുംബാംഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള യോഗി സർക്കാരിന്റെ കണ്ടെത്തൽ. പക്ഷേ, അദ്ദേഹം വഴി ഇസ്‌ലാം ആശ്ലേഷിച്ചവരാരും ഈ ആരോപണമുന്നയിക്കുന്നില്ലെന്നു മാത്രമല്ല, തന്റെ ആത്മാർത്ഥതയും ദേശസ്നേഹവും അടിവരയിടുന്ന അനുഭവങ്ങളാണ് അവർ പങ്കുവെക്കുന്നത്. സംശയം ഉന്നയിക്കുന്നവർക്ക് ഏതു നിമിഷവും അവരെ ബന്ധപ്പെടാവുന്നതുമാണല്ലോ.
യു.പിയിലെ ഒരു രജ്പുത്ര കുടുംബത്തിൽ ജനിച്ച ശ്യാം പ്രതാപ് സിങ് ഗൗതമാണ് ഇസ്‌ലാം സ്വീകരിച്ച് ഉമർ ഗൗതമായത്. മതപ്രബോധനം ജീവിത സപര്യയാക്കിയ അദ്ദേഹം ഡൽഹി ജാമിഅ നഗറിലെ ബട്ല ഹൗസിൽ സ്ഥാപിച്ച ജസ്‌ലാമിക് ദഅ്‌വാ സെൻറർ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. രാജ്യത്തിന്റെ നിയമങ്ങൾ പൂർണമായും അംഗീകരിച്ച് നിയമവിധേയമായാണ് ഐ.ഡി.സിയുടെ മുഴുപ്രവർത്തനങ്ങളും നടന്നിരുന്നതെന്നതിനു ഔദ്യോഗിക രേഖകൾ തെളിവാണ്.
ഇസ്‌ലാം സ്വീകരിക്കുന്നതിനും വിശിഷ്യാ, അവരിൽ വിവാഹിതരാകുന്നവർക്കും ആവശ്യമായ നിയമ സഹായങ്ങളും അംഗീകൃത രേഖകളും ശരിയാക്കി നൽകിയിരുന്ന ഉമർ ഗൗതമിനെ ഗാസിയാബാദ് പോലീസ് അന്വേഷണത്തിനെന്ന പേരിൽ വിളിച്ചു വരുത്തി നിർബന്ധിത അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഏതു മതം സ്വീകരിക്കാനും മതപ്രബോധനം നടത്താനും നമ്മുടെ ഭരണഘടനയുടെ സ്വാതന്ത്ര്യം ഉണ്ടായിരിക്കെ, നിഗൂഢ അജൻഡകളുടെ പേരിൽ ഉമർ ഗൗതമിനെപ്പോലൊരു ഉന്നത മതപ്രബോധകനെ വേട്ടയാടി ജയിലിലടക്കുന്നത് ഒരിക്കലും നീതികരിക്കാനാവില്ല.
ഇസ് ലാമിൽ നിർബന്ധിത മതപരിവർത്തനമില്ലെന്നു വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം ഹൃദയത്തിൽ നിന്നു ഉത്ഭവിക്കുന്നതായതിനാൽ തന്നെ മതംമാറ്റം എങ്ങനെ നിർബന്ധിതമായിത്തീരും?
യോഗി സർക്കാറിൻ്റെയും ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെയും ഈ അന്യായ നടപടിക്കെതിരെ ദേശവ്യാപകമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി ഇലക്ഷൻ വർഗീയവത്കരിക്കാനുള്ള ഗൂഢ താത്പര്യമാണിതിന്റെ പിന്നിലെന്ന് നിഷ്പക്ഷരായ ഒട്ടേറെ രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് തന്നുകഴിഞ്ഞു.
ഉമർ ഗൗതമിനെ പോലെ വേറെയും പല പ്രബോധകരെ അന്യായമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
മതേതര ഇന്ത്യയുടെ നിലനിൽപിൽ താത്പര്യമുള്ള മുഴുവൻ ജനങ്ങളും മത- രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഇക്കാര്യത്തിൽ ശക്തമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇക്കാര്യത്തിൽ വരുത്തുന്ന ഏതു അലംഭാവത്തിനും വലിയ വിലയാവും മതേതര ഇന്ത്യ ഒടുക്കേണ്ടിവരിക.

Latest News