നിന്നെ ഞാൻ പൊന്നുപോലെ നോക്കുമെന്ന് ആദർശം പറയുന്ന പല പുരുഷൻമാരുടെയും കണ്ണ് കല്യാണം കഴിയുന്നതോടെ പെണ്ണ് കൊണ്ടുവരുന്ന മഞ്ഞ ലോഹത്തിലായിരിക്കും. അവൾ അണിഞ്ഞു കാണാനും ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി കരുതിയും മാതാപിതാക്കൾ മനസ്സറിഞ്ഞ് കൊടുക്കുന്നത് അണിഞ്ഞ് ആഗ്രഹം തീരുന്നതിനു മുമ്പേ പൊന്നുപോലെ നോക്കുമെന്ന് പറഞ്ഞ ആ ദർശവാൻമാരുടെ മനസ്സ് അവൻ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ പ്രേരണയാലോ ആ പൊന്നുകൊണ്ടെന്തൊക്കെ ചെയ്യാമെന്ന ചിന്തയായിരിക്കും. പെണ്ണിനെ സ്വന്തമാക്കിയതിനേക്കാൾ പൊന്നിനെ സ്വന്തമാക്കിയ ഭാവത്തിലാണ് പിന്നീടുള്ള പെരുമാറ്റ രീതികൾ. സ്വർണം വിറ്റ് ഭൂമി വാങ്ങൽ, വാഹനം വാങ്ങൽ, ബിസിനസ് ചെയ്യൽ അങ്ങനെ പല പദ്ധതികളും നടപ്പിലാക്കാനുള്ള ശ്രമം. അത് പെണ്ണിന് മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടായിരിക്കും കൊടുത്തിട്ടുണ്ടാവുക. മാതാപിതാക്കളുടെ വിയർപ്പിന്റെ നോവറിയാത്ത പുരുഷന് അവർ മകൾക്ക് നൽകിയ സ്‌നേഹ സമ്മാനത്തിന്റെ വിലമതിക്കാനാവാത്ത വില എന്തായാലെന്താ? ആദർശവാനായ പുരുഷന്റെ മേലങ്കി അണിയാതെ, കല്യാണമാലോചിക്കുമ്പോൾ തന്നെ പൊന്ന് വേണ്ട, പണം മതിയെന്ന് പറയാൻ അവന്റെ അന്തസ്സ് സമ്മതിക്കില്ല. കിട്ടിയ ശേഷം പലതും പറഞ്ഞ് പെണ്ണിനെ ധർമസങ്കടത്തിലാക്കുന്നതിലാവും അവന്റെ മിടുക്ക്. അതിലവൻ ആനന്ദം കണ്ടെത്തുകയും ചെയ്യും.
സ്ത്രീധനത്തെ ചൊല്ലി എത്രയെത്ര പീഡനങ്ങളും കൊലയും ആത്മഹത്യകളും കണ്ടിട്ടും കേട്ടിട്ടും ബോധവൽക്കരിക്കപ്പെട്ടിട്ടും ലോകം ഉള്ളിടത്തോളം കാലം ഇതൊക്കെ ഉണ്ടാവുമെന്ന് തെളിയിച്ച് കൊണ്ടേയിരിക്കുകയാണ്, ഉത്തരയുടെ ദുരൂഹമായ മരണവും, ഇപ്പോഴിതാ വിസ്മയയും.
ആരാണ് ഈ ദുരൂഹ മരണങ്ങൾക്കുത്തരവാദികൾ? വിസ്മയയുടെ സഹോദരന്റെ വാക്കുകൾ സഹിക്കാനാവുന്നില്ല. ആ മാതാപിതാക്കൾക്ക് ജീവിത കാലം മുഴുവൻ ഇനി തോരാത്ത കണ്ണീരായി വിസ്മയ. പെൺമക്കളെ കല്യാണം കഴിപ്പിച്ച് വിടുന്നതോടെ അവരോടുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്ക് തീരുന്നില്ല. മക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കണം. എന്നും സ്വന്തം എന്തും വീട്ടിൽ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മക്കൾക്കുണ്ടാവണം. ഭർതൃവീട്ടിൽ ഏത് തരം പീഡനങ്ങൾ സഹിച്ചും പെൺകുട്ടികൾ എന്തിനാണ് ജീവിക്കുന്നത്. ഇത്രയൊക്കെ കൊടുത്തിട്ടും വീണ്ടും പോരാതെയുള്ള പ്രകടനങ്ങൾക്ക് പെൺകുട്ടികൾ നിന്നുകൊടുക്കരുത്. പെൺമക്കൾ വളർന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടിലാണ് വിവാഹ ശേഷം കഴിയേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ മക്കളെ കല്യാണം കഴിച്ചു കൊടുക്കുമ്പോൾ അത്യാവശ്യം വേണ്ട സദുപദേശങ്ങളൊക്കെ കൊടുക്കാം. മുതിർന്നവർ പറയുന്നത് മനസ്സിലാക്കിയും അനുസരിച്ചും നിന്നോളണമെന്നും അതോടൊപ്പം തന്നെ ഉറപ്പുകൊടുക്കും വിധം പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് 'എന്തും സഹിച്ച് നിൽക്കേണ്ടതില്ല, ഈ വാതിൽ മോൾക്കായി എപ്പോഴും തുറന്നു കിടക്കും' എന്ന്.
കൗമാരത്തിൽ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ പൂവണിയുന്ന ചടങ്ങാണ് പെൺകുട്ടികൾക്ക് വിവാഹം. ആ ദിവസം ഓർമയിൽ എന്നും തിളക്കമുള്ളതാക്കാനും ഭാവി ജീവിതം ശോഭനമാക്കാനും വീട്ടുകാർ കഴിവിന്റെ പരമാവധി മക്കൾക്കായി നൽകും. വിവാഹ ജീവിതം സ്വർഗതുല്യമായില്ലെങ്കിലും നരകമാവാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പെണ്ണിനെ പോറ്റാൻ കഴിവുള്ളവനേ പെണ്ണിനെ കൊടുക്കാവൂ. മഞ്ഞലോഹവും കാറും പണവും മോഹിച്ചു വരുന്നവർക്ക് ജീവിതം വെച്ച് നീട്ടാൻ പെൺകുട്ടികൾ തയാറാവരുത്. അതിനു മുമ്പായി പൊന്നും പണവും കാറും മോഹിച്ചു വരുന്നവരോട് പെണ്ണില്ല എന്ന് പറയാൻ മാതാപിതാക്കൾക്കും കഴിയണം.
സ്ത്രീയെ ബഹുമാനിക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. അവൾ അമ്മയായാലും സഹോദരിയായാലും ഭാര്യയായാലും ഓരോ പ്രായത്തിലും അവളെ സംരക്ഷിക്കുന്നവനാണ് ഉത്തമനായ പുരുഷൻ. ഹൃദയം പറിച്ചു കൊടുക്കുന്ന വേദനയിലാണ് സ്നേഹിച്ചു വളർത്തിയ പെൺമക്കളെ മാതാപിതാക്കൾ മറ്റൊരു വീട്ടിലേക്ക് അയക്കുന്നത്. അത് കാലങ്ങളായി തുടർന്നുകൊണ്ടു വരുന്ന പ്രകൃതി നിയമം. ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമാണെങ്കിലും ആ ജീവനാന്തം മനസ്സാക്ഷിയില്ലാത്തവരുടെ കൂടെ ജീവിതം തീർക്കേണ്ട ഒരു കാര്യവുമില്ല.
മക്കളുടെ തെറ്റുതിരുത്തി കൊടുക്കുമ്പോൾ അത് അംഗീകരിക്കാനും മക്കൾ തയാറാവണം. വിസ്മയയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് മകന്റെ തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തിക്കൊടുക്കാമായിരുന്നു.
ആണായാലും പെണ്ണായാലും നല്ല വിദ്യാഭ്യാസവും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും നൽകി മക്കളെ വളർത്തുക.
അതോടൊപ്പം മാനുഷിക മൂല്യങ്ങൾക്കു വില കൽപിക്കാനും എത് മതസ്ഥരായാലും പ്രാർത്ഥനയിലും വിശ്വാസത്തിലും മുന്നോട്ടു പോവാനും മക്കളെ പറഞ്ഞു മനസ്സിലാക്കണം.
ഇതിൽ നിന്നെല്ലാം ആർജിച്ചെടുക്കുന്ന മനഃശക്തി എത് പ്രതിസന്ധിയിലും തളരാതിരിക്കാൻ ആത്മവിശ്വാസവും തിരിച്ചറിവും പകരും.
സ്ത്രീധനമായി കൊടുത്ത കാർ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് തിരിച്ചുകൊണ്ടുവന്ന് മാതാപിതാക്കളുടെ മുന്നിൽവെച്ച് വിസ്മയയെ ഉപദ്രവിക്കുകയും അതു കണ്ട് തടുക്കാൻ ചെന്ന സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത മരുമകനോടൊപ്പം പിന്നീട് ഒരിക്കലും വിസ്മയയെ അയയ്ക്കാൻ പാടില്ലായിരുന്നു.
സ്വാർത്ഥ മോഹികളായ ഇത്തരം ഭർത്താക്കൻമാരെ എത് വർഗത്തിൽ ഉൾപ്പെടുത്തും? സ്വാർത്ഥ ലക്ഷ്യം പൂർത്തീകരിക്കാൻ എതറ്റം വരെ പോവാനും മടിക്കാത്ത, ക്രൂരമായ ഹീനകൃത്യങ്ങൾ ചെയ്യാൻ ആരെയും കൂട്ടുപിടിക്കാനും എത്ര നീചനാവാനും തയാറാവുന്ന മനുഷ്യ കുലത്തിന് തന്നെ അപമാനമായ വർഗങ്ങൾ. സ്ത്രീക്ക് നീതി ലഭിക്കണം. ആ മാതാപിതാക്കളുടെയും സഹോദരന്റെയും കണ്ണീരിന് അർത്ഥമുണ്ടാകണം. ഇത്തരക്കാരെ നിയമം വെറുതെ വിട്ടാൽ ഇനിയും ഉത്തരമാരും വിസ്മയമാരും കഥയായി അവശേഷിക്കും.