റിയാദ് - സൗദി കുടുംബങ്ങളെ അനുഗമിച്ച് വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമല്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സൗദിയിലേക്ക് വരുന്നവർക്കുള്ള ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ വ്യവസ്ഥകളും സംവിധാനങ്ങളും പരിഷ്‌കരിച്ചതായി അതോറിറ്റി അറിയിച്ചു. വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവർക്കും സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമാണ്.
എന്നാൽ സൗദി പൗരൻ, സൗദി വനിത, സൗദി പൗരന്റെ വിദേശിയായ ഭാര്യ, സൗദി പൗരന്റെ വിദേശിയായ മാതാവ്, സൗദി വനിതയുടെ വിദേശിയായ ഭർത്താവ്, വിദേശിയായ മാതാവ്, വിദേശികളുമായുള്ള വിവാഹ ബന്ധത്തിൽ സൗദി വനിതകൾക്ക് പിറന്ന മക്കൾ, ഇവരെ അനുഗമിക്കുന്ന ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ബാധകമല്ല. ഇവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. ഇതിന്റെ ആറാം ദിവസം പി.സി.ആർ പരിശോധനയും നടത്തണം.
അതേ സമയം സ്വന്തമായി വരുന്ന വാക്‌സിനെടുക്കാത്ത ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിനെടുത്ത വിദേശിയെ അനുഗമിച്ചെത്തുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്റൈനാണ് ഉണ്ടാവുക. ആറാം ദിവസം അവര്‍ പിസിആര്‍ ടെസ്റ്റെടുക്കണം.