ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഹജ് ഹൗസിന് കാവി പൂശിയ നടപടി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തിരുത്തി. നിറം മാറ്റിയതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയില്‍ കെട്ടിവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വിവാദത്തില്‍നിന്ന് തലയൂരിയത്. ഹജ് ഹൗസിന് ഇന്നലെ വീണ്ടും വെള്ള പെയിന്റ് അടിച്ചു.
സംസ്ഥാനത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
പെയിന്റ് ചെയ്യാന്‍ കരാറെടുത്ത വ്യക്തിയോട് വെള്ളക്ക് പകരം മറ്റൊരു നിറം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്‍.പി. സിംഗ് പറഞ്ഞു. എന്നാല്‍ കാവി നിറമാണ് കരാറുകാരന്‍ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
സംസ്ഥാന നിയമസഭാ മന്ദിരത്തിനു കാവിനിറമടിച്ചതിനു പിന്നാലെ, എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനും കാവി പൂശിയത് വിവാദമായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അധികൃതര്‍ ഹജ് ഹൗസിന് കാവി പെയിന്റടിച്ചത്.
കാവി പൂശിയ നടപടിയെ തുടക്കത്തില്‍ യു.പി. സര്‍ക്കാര്‍ പ്രതിരോധിച്ചെങ്കിലും വിമര്‍ശനം കടുത്തതോടെ പെയിന്റ് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പുതിയ നിറത്തിന് എന്താണു പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ലെന്നും കാവി ദേശവിരുദ്ധ നിറമാണോയെന്നും യുപി ന്യൂനപക്ഷകാര്യ മന്ത്രി മുഹ്്‌സിന്‍ റാസ ചോദിച്ചിരുന്നു. തിളക്കത്തെയും ഊര്‍ജസ്വലതയെയും സൂചിപ്പിക്കുന്ന നിറമാണു കാവിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഭവന്‍ അനെക്‌സിനും സമീപകാലത്തു കാവിയടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ബി.ജെ.പി സര്‍ക്കാര്‍ ഗ്രാമീണമേഖലയില്‍ ആരംഭിച്ച 50 പുതിയ സര്‍ക്കാര്‍ ബസുകള്‍ക്കും കാവിനിറമാണ്.