കൊല്‍ക്കത്ത- നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ വിജയിച്ച തന്റെ എതിര്‍സ്ഥാനാര്‍ത്ഥി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പിനെതിരെ നല്‍കിയ ഹര്‍ജയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് കോടതിയില്‍ ഹാജരായി. ജനപ്രാതിനിധ്യ നിയമ അനുശാശിക്കുന്നതു പ്രകാരമാണ് മമത വാദംകേള്‍ക്കലിന് ഹാജരായത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം കേള്‍ക്കല്‍. ഹര്‍ജി പരിഗണിക്കുന്ന കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മമതയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേസ് ആദ്യം പരിഗണിച്ച ജൂണ്‍ 18ന് ഈ ആവശ്യം എന്തുകൊണ്ട് ഉന്നയിച്ചില്ല എന്നായിരുന്നു ജസ്റ്റിസ് ചന്ദയുടെ മറുചോദ്യം. ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലിരിക്കുന്ന ഇക്കാര്യത്തില്‍ തനിക്ക് ന്യായമായി മുന്നോട്ട് പോകാനുമോ എന്നും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസാണ് ജഡ്ജിമാര്‍ക്ക് കേസുകള്‍ അസൈന്‍ ചെയ്യുന്ന പട്ടിക തയാറാക്കുന്നത്. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി.
തന്റെ ഹര്‍ജി മറ്റൊരു ബെഞ്ചിന് റീഅസൈന്‍ ചെയ്യണമെന്നാണ് മമതയുടെ ആവശ്യം. ഇതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി എന്ന നിലയില്‍ ജൂണ്‍ 16ന് കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ജസ്റ്റിസ് കൗശിക് ചന്ദയ്ക്ക് നേരത്തെ ബിജെപി ബന്ധുണ്ടായിരുന്നത് കൊണ്ട് വിധിയില്‍ മുന്‍വിധി ഉണ്ടാകാന്‍ കാരണമായേക്കും എന്നായിരുന്നു മമത ചൂണ്ടിക്കാട്ടിയത്.