വിജയപുര- ഇതര മതത്തില്‍പ്പെട്ട യുവാവുമായി അടുപ്പത്തിലായ 18കാരിയേയും കാമുകനേയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിച്ചു കൊന്നു. സംഭവം പ്രഥമദൃഷ്ട്യാ ദുരഭിമാനക്കൊലയാണെന്ന് പോലീസ് പറഞ്ഞു. വടക്കന്‍ കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ദേവാര ഹിപ്പരാഗിയിലാണ് ദാരുണ സംഭവം. ചൊവ്വാഴ്ച നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ഉല്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 18കാരിയായ ദവല്‍ബി ബന്ദഗിസാബ് തംബാദും കാമുകന്‍ 19കാരനായ ബസവരാജ് മഡിവലപാ ബഡിഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സലഡഹള്ളിയില്‍ ഓട്ടോ ഡ്രൈവറായിരുന്നു ബസവരാജ്. അയല്‍പ്രദേശമായ ഖാനപുര്‍ സ്വദേശിയാണ് പെണ്‍കുട്ടി.
ഇരുവരേയും ഒരു വയലില്‍വച്ച് പിടികൂടിയ പെണ്‍കുട്ടിയുടെ പിതാവു ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് കുത്തിക്കൊല്ലുകയായിരുന്നു. ശേഷം പാറ ഉപയോഗിച്ച് ഇരുവരുടേയും തലകുത്തിപ്പൊട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടി മുസ്ലിം ആയിരുന്നു. ഇതരസമുദായക്കാരനായ ബസവരാജുമായുള്ള ബന്ധം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബസവരാജിനെ താക്കീത് ചെയ്യുകയും യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ച് ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇരുവരേയും വയലില്‍വച്ച് പിടികൂടിയത്.
പെണ്‍കുട്ടിയുടെ പിതാവ് ബന്ദഗിസാബ് തംബാദ് (50), സഹോദരന്‍ ദവല്‍ പട്ടേല്‍(20), ബന്ധുക്കളായ അല്ലാസാബ് പട്ടേല്‍ (29), റഫീഖ് സാബ് (24) എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു.