പതിനേഴുകാരിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന്, പീഡിപ്പിച്ച ശേഷം  ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ രണ്ട്  പേര്‍ അറസ്റ്റില്‍

ലഖ്‌നൗ-ഉത്തര്‍ പ്രദേശിലെ മഥുരയില്‍ പതിനേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ശക്തമായ വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായി. സമീപമുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ താഴേക്കിടുന്നതും ആളകള്‍ ഓടിക്കൂടുന്നതും രണ്ട് പേര് സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുന്നതും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ വീടിനടുത്തുള്ള മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രി ഇവരില്‍ ഒരാളില്‍ നിന്ന് മകള്‍ക്ക് ഫോണ്‍കോള്‍ വന്നെന്നും കൊടുക്കാതിരുന്നപ്പോള്‍ അസഭ്യം പറയാന്‍ ആരംഭിച്ചെന്നും പരാതിയില്‍ പറയുന്നു. രാത്രി എട്ടുമണിക്ക് ശേഷം ഇവര്‍ വീട്ടില്‍ അതിക്രമിച്ചെത്തി മകളെ ബലാത്സംഗം ചെയ്യുകയും മകളെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ അലറിക്കരഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ഇടുകയായിരുന്നു.
അക്രമികള്‍ വീട്ടിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തെകുറിച്ച് അറിയിക്കാന്‍ അന്ന് രാത്രി തന്നെ സ്‌റ്റേഷനിലെത്തിയ കുടുംബത്തോട് നാളെ വരാന്‍ പറഞ്ഞ് പോലീസ് തിരികെ അയക്കുകയായിരുന്നെനും പോലീസ് അനാസ്ഥ കാണിച്ചെന്നും കുടുംബം ആരോപിക്കുന്നു.
 

Latest News