കയ്‌റോ- ടിക് ടോക് താരങ്ങളായ രണ്ട് യുവതികൾക്ക് തടവുശിക്ഷ വിധിച്ച് ഈജിപ്ത് കോടതി. മനുഷ്യക്കടത്ത് കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഹനീൻ ഹൊസാം (20), മൊവാഡ അൽഅദാം (23) എന്നിവരെയാണ് ശിക്ഷിച്ചത്. 20 കാരിയായ ഹനീൻ ഹൊസാമിന് 10 വർഷം തടവും 200,000 ഡോളർ പിഴയും 22 കാരിയായയ മൊവാഡ അൽ അദാമിന് ആറ് വർഷത്തെ തടവും 200,000 ഡോളർ പിഴയുമാണ് ശിക്ഷ. പണം സമ്പാദിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു എന്നാണ് ഇവർക്കെതിരെ ആരോപിക്കുന്ന കുറ്റം. ഇരുവരും 9,100 ഡോളർ വീതം പിഴയും അടയ്ക്കണം.
'ഈജിപ്ഷ്യൻ സമൂഹത്തിന്റെ തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായി ഭൗതിക നേട്ടങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികളെ ഉപയോഗിക്കുന്നു' എന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 'കുടുംബ മൂല്യങ്ങൾ ദുഷിപ്പിക്കുക', 'ധിക്കാരത്തിന് പ്രേരിപ്പിക്കുക', 'ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക' എന്നിവയാണ് ഇരുവർക്കുമെതിരെ ചുമത്തിയ മറ്റ് കുറ്റങ്ങൾ. സമാനമായ കുറ്റം ചുമത്തി കഴിഞ്ഞ വർഷവും ഇരുവരെയും അറസ്റ്റ് ചെയ്യുകയും രണ്ടുവർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ടിക് ടോക്ക് ആപ്ലിക്കേഷനിൽ മോശം വീഡിയോകൾ പങ്കിടാൻ യുവതികളെ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് 2020 ഏപ്രിലിൽ ഹൊസാം അറസ്റ്റിലായി. ഇൻസ്റ്റാഗ്രാമിൽ മോശം വീഡിയോ ക്ലിപ്പുകൾ പ്രസിദ്ധീകരിച്ചതിന് ശേഷം 2020 മേയിൽ അൽ അദാമിനെയും പൊലീസ് പിടികൂടുകയായിരുന്നു. പരമ്പരാഗത ധാർമ്മികതയ്ക്ക് വിരുദ്ധമായി കാണപ്പെടുന്ന സോഷ്യൽ മീഡിയ ചാനലുകളിൽ നിന്ന് പ്രകോപനപരമായ ഉള്ളടക്കം നീക്കം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം അറസ്റ്റുകളും ശിക്ഷാ വിധിയും.