തെഹ്‌റാന്‍- ബശാറുല്‍ അസദ് സര്‍ക്കാരിനുവേണ്ടി പൊരുതാന്‍ ഇറാന്‍ അയച്ച 2000-ലേറെ അഫ്ഗാനികള്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. അഞ്ച് വര്‍ഷമായി സിറിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ട അഫ്ഗാന്‍ ഫാത്തിമിയ്യൂന്‍ ബ്രിഗേഡ് ഉദ്യോഗസ്ഥനായ സുഹൈല്‍ മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്. ഈ ബ്രിഗേഡ് റിക്രൂട്ട് ചെയ്ത അഫ്ഗാന്‍ സന്നദ്ധ ഭടന്മാരാണ് സിറിയയില്‍ ബശാറിനുവേണ്ടി പൊതുതിയത്. ഇവരില്‍ 8000 പേര്‍ക്ക് പരിക്കേറ്റതായും പരിഷ്‌കരണ വാദികളുടെ ശര്‍ഗ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സുഹൈല്‍ പറയുന്നു.
സിറിയയിലും ഇറാഖിലും പോരാട്ടത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്ക് ഇറാന്‍ അപൂര്‍വമായേ വെളിപ്പെടുത്താറുള്ളൂ. 2100 വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇവരില്‍ എത്രപേര്‍ വിദേശികളാണെന്ന കാര്യം പറഞ്ഞിരുന്നില്ല. മേഖലയിലെ സൈനിക നടപടികളില്‍ പങ്കെടുക്കുന്നതിന് തങ്ങളുടെ ഭടന്മരെ അയക്കാറില്ലെന്നാണ് ഇറാന്‍ ആവര്‍ത്തിക്കാറുള്ളത്. സൈനിക ഉപദേഷ്ടാക്കളുടെ സേവനം നല്‍കാറുണ്ടെന്ന് സമ്മതിക്കാറുള്ള ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ബ്രിഗേഡുകളാണ് പോരാട്ടത്തിനു പോകുന്നതെന്നും വ്യക്തമാക്കാറുണ്ട്.
അഫ്ഗാനിലെ ശിയാ ന്യൂനപക്ഷത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവര്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ സൈനിക യൂനിറ്റാണ് ഫാത്തിമിയ്യൂന്‍ ബ്രിഗേഡ്. ഇവരെ ഇറാഖിലും സിറിയയിലുമാണ് വിന്യസിച്ചിരുന്നത്.
അഫ്ഗാനില്‍ താലിബാനെതിരായ പോരാട്ടത്തില്‍ ഇറാന്‍ അഫ്ഗാന്‍ സേനയെ സഹായിച്ചിരുന്നു. 1980-88 ല്‍ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ സേനയുടെ സഹായം തേടുകയും ചെയ്തു. 1980-കളില്‍ 3000 അഫ്ഗാനികളാണ് ഇറാഖില്‍ കൊല്ലപ്പെട്ടതെന്നും സുഹൈല്‍ മുജാഹിദ് പറഞ്ഞു. സിറിയയിലും ഇറാഖിലും സംഘര്‍ഷങ്ങളില്‍ മരിച്ച വിദേശ പോരാളികളുടെ കുടുംബങ്ങള്‍ക്ക് ഇറാന്‍ പൗരത്വം വാഗ്ദാനം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.