കൊല്ലം - വിവാഹത്തിനു മുമ്പു തന്നെ വിസ്മയയെ കിരണ്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിത വി.നായര്‍. വിവാഹനിശ്ചയത്തിനു ശേഷം വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുന്‍പു തന്നെ വിസ്മയയെ കിരണ്‍ മര്‍ദിച്ചിരുന്നു.
അടുത്ത സമയത്തു മാത്രമാണ് ഇക്കാര്യം മകള്‍ പറഞ്ഞതെന്നും സജിത പറഞ്ഞു.
കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നു വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞു. വിവാഹത്തിന് ഞങ്ങള്‍ കിരണിനെ അണിയിച്ച മാല ഊരി എറിഞ്ഞു. ഞങ്ങളുടെ മുന്നിലിട്ടു വിസ്മയയെയും തടസ്സം പിടിച്ച സഹോദരന് വിജിത്തിനെയും മര്‍ദിച്ചു.
നാട്ടുകാര്‍ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് വഴിയില്‍ വച്ചു പിടികൂടി. മദ്യലഹരിയില്‍ അന്നു പോലീസിനെയും ആക്രമിച്ചു. പിന്നീട് കുറേക്കാലം വിസ്മയ തങ്ങള്‍ക്കൊപ്പം തന്നെ കഴിഞ്ഞുവെന്നും സജിത പറയുന്നു.
ഇനി ഭര്‍തൃവീട്ടിലേക്ക് പോകേണ്ടെന്നും വിവാഹമോചനം തേടാമെന്നും തീരുമാനിച്ചു. ഇതിനായി മാര്‍ച്ച് 25ന് സമുദായ നേതാക്കള്‍ ഇടപെട്ടു ചര്‍ച്ച നിശ്ചയിച്ചു. ഇതറിഞ്ഞു കിരണ്‍ വിസ്മയയെ വീണ്ടും ഫോണ്‍ ചെയ്യുകയും പരീക്ഷ കഴിഞ്ഞ് കോളജിലെത്തി കൂട്ടിക്കൊണ്ടുപോയെന്നും അമ്മ പറഞ്ഞു.