ന്യൂദല്‍ഹി- അലോപ്പതി ചികിത്സാ രീതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലി വിവിധ സംസ്ഥാനങ്ങളിലെ കേസുകളില്‍ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് യോഗ പരിശീലകന്‍ ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളുമായ ഡോക്ടര്‍മാരാണ് രാംദേവിനെതിരെ കേസ് നല്‍കിയിട്ടുള്ളത്. പട്‌നയിലും റായ്പൂരിലും തനിക്കെതിരെ ഐഎംഎ നല്‍കിയ കേസുകളില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് രാംദേവ് ആവശ്യപ്പെട്ടു. റായ്പൂരില്‍ പോലീസ് രാംദേവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മരുന്നുകളെ കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് കേസ്. രാമകൃഷ്ണ യാദവ് എന്ന ബാബ രാംദേവിനെതിരെ ഛത്തീസ്ഗഢ് ഐഎംഎ യുണിറ്റ് ആണ് പരാതി നല്‍കിയിരുന്നത്. കോവിഡ് വാക്‌സിന്റേുയം അല്ലോപ്പതി മരുന്നുകളുടേയും ഫലപ്രാപ്തിയെ ചോദ്യം ചെയ്ത രാംദേവിനെതിരെ ഐഎംഎ ശക്തമായി രംഗത്തു വന്നിരുന്നു.