മഥുര- ഉത്തര്‍ പ്രദേശിലെ മഥുരയില്‍ മൂന്ന് പേര്‍ ചേര്‍ന്ന് 17 വയസ്സുള്ള പെണ്‍കുട്ടിയെ മര്‍ദിച്ച ശേഷം വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു. പെണ്‍കുട്ടിയുടെ അയല്‍ക്കാരായ ദിലീപ്, കൗശല്‍, അവിനാശ് എന്നിവരാണ് പ്രതികളെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് അറിയിച്ചു. ഇവര്‍ പെണ്‍കുട്ടിയെ മാസങ്ങളായി ശല്യപ്പെടുത്തി വരികയായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാക്കള്‍ പെണ്‍കുട്ടിയെ പിടികൂടി മര്‍ദിച്ച് രണ്ടാം നിലയിലേക്കു കൊണ്ടു പോകുകയും അവിടെ നിന്ന് താഴേക്കെറിയുകയുമായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ വധശ്രമ കുറ്റം ചാര്‍ത്തി. പെണ്‍കുട്ടിയെ അശ്ലീലമായ കമന്റുകളടിച്ച് പ്രതികള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കള്‍ പരാതിപ്പെട്ടു. പെണ്‍കുട്ടിയെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എറിയുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അയല്‍ക്കാര്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. സാരമയി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.