കുര്‍ണൂല്‍- കോവിഡ് ബാധിക്കുമോ എന്ന് ഭയത്താല്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ കുര്‍ണൂലിലെ വഡ്ഡേഗരിയിലാണ് സംഭവം. പ്രതാപ്(42), ഭാര്യ ഹേമലത (36), മകന്‍ ജയന്ത്(17), റിഷിത(14) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതാപ് ടിവി മെക്കാനിക്കായി ജോലിനോക്കി വരികയായിരുന്നു. മക്കള്‍ ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ബുധാനാഴ്ച രാവിലെ ഏറെ വൈകിയിട്ടും വീട്ടില്‍ നിന്ന് ആളനക്കം കാണാതായതോടെ അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ നാലു പേരും നിലത്ത് മരിച്ച് കിടക്കുന്നതാണ് കണ്ടത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ബന്ധുക്കളും സുഹൃത്തുക്കളും കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കുടുംബ ഏറെ ആശങ്കയിലായിരുന്നുവെന്നും തങ്ങളും കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് ഭയപ്പെട്ടിരുന്നതായും കുറിപ്പില്‍ പറയുന്നു.