Sorry, you need to enable JavaScript to visit this website.

ഒരു ദിവസം പൂഴ്ത്തിവെക്കും, പിറ്റേന്ന് റെക്കോര്‍ഡിഡും, മോഡിയുടെ വാക്‌സിനേഷന്‍ രഹസ്യങ്ങള്‍ തുറന്നുകാട്ടി ചിദംബരം

ന്യൂദല്‍ഹി- രാജ്യത്ത് വാക്സിന്‍ വിതരണത്തില്‍ തിങ്കളാഴ്ച റെക്കോഡിടുകയും ചൊവ്വാഴ്ച ഗണ്യമായി കുറയുകയും ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. തിങ്കളാഴ്ച 88 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തപ്പോള്‍ ചൊവ്വാഴ്ച വിതരണം ചെയ്യാനായത് 54.22 ലക്ഷം ഡോസ് വാക്സിനായിരുന്നു.

റെക്കോര്‍ഡ് വിതരണത്തിന്റെ പിന്നിലെ രഹസ്യം ഇതാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം പറയുന്നത്. 'ഞായറാഴ്ച പൂഴ്ത്തിവെക്കും.  തിങ്കളാഴ്ച വാക്സിനേഷന്‍ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവെപ്പിന്റെ ലോക റെക്കോര്‍ഡിന് പിന്നിലെ രഹസ്യം' ചിദംബരം ട്വീറ്റ് ചെയ്തു.

  ഈ നേട്ടം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ചിദംബരം പരിഹസിച്ചു.'എല്ലാവര്‍ക്കുമറിയം, മോഡി സര്‍ക്കാരിന് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചേക്കാം. 'മോഡി ഉണ്ടെങ്കില്‍ എല്ലാം സാധ്യതമാണ്' (2019 ലെ ബിജെപിയുടെ മുദ്രാവാക്യം) എന്നതിന് പകരം മോഡി ഉണ്ടെങ്കില്‍ അത്ഭുതമുണ്ടാകുമെന്ന് മാറ്റണം' ചിദംബരം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച വാക്സിനേഷനില്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന് മുമ്പുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ കാര്യമായി നടത്താതെ പൂഴ്ത്തിവെച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ചിദംബരത്തിന്റെ പരിഹാസം. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നടത്തിയ 10 സംസ്ഥാനങ്ങളില്‍ ഏഴും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് ഈ ആരോപണങ്ങളെ സാധൂകരിക്കുന്നു.

തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നടത്തിയ മധ്യപ്രദേശില്‍ ചൊവ്വാഴ്ച പതിനായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പെടുത്തത്. മധ്യപ്രദേശിലെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ വാക്സിന്‍ കണക്കുകള്‍ സൂചിപ്പിച്ച് കൊണ്ട് നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ചോദ്യം.
ഞായറാഴ്ച മധ്യപ്രദേശില്‍ 692 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച 16.93 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി. ചൊവ്വാഴ്ച ആയപ്പോള്‍ 4832 പേര്‍ക്ക് മാത്രമേ ഇവിടെ കുത്തിവെപ്പ് നടത്തിയിട്ടുള്ളൂ' ജയ്റാം രമേശ് പറഞ്ഞു.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതിച്ഛായ നന്നാക്കാനുള്ള നാടകമായിരുന്നു നടന്നതെന്ന് വ്യക്തമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. അടുത്ത നാലഞ്ച് മാസത്തേക്ക് ദിനം പ്രതി ചുരുങ്ങിയത് 80 ലക്ഷം പേര്‍ക്കെങ്കിലും വാക്സിനേഷന്‍ നടത്തിയാലെ കോവിഡ് ഭീഷണിയെ നേരിടാനാകുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

 

Latest News