റായ്പുര്‍- മോഷണ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിവായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ അവയൊന്നും അത്രയേറെ ചര്‍ച്ചയാകാറില്ല. എന്നാല്‍ ഇപ്പോള്‍ ഛത്തീസ്ഗഡില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. കോര്‍ബ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നും 800 കിലോ ചാണകമാണ് കാണാതെ ആയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാണകത്തിന് സമകാലിക ഇന്ത്യയില്‍ പ്രത്യേക സ്റ്റാറ്റസാണല്ലോ.
കോര്‍ബയിലെ ദിപ്ക പൊലീസ് സ്‌റ്റേഷനില്‍ പരിധിയില്‍ വരുന്ന ധുരേനയിലാണ് സംഭവം. എണ്ണൂറ് കിലോ ചാണകം മോഷണം പോയെന്നാണ് പരാതി. മോഷണ വാര്‍ത്ത എഎസ്‌ഐ സുരേഷ് കുമാര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 'ഗോദാന്‍ സമിതിയുടെ തലവനായ കംഹാന്‍ സിംഗ് കവാര്‍ എന്നയാളാണ് ഇക്കഴിഞ്ഞ ജൂണ്‍ 15ന് പരാതി നല്‍കിയത്' ദിപ്ക എസ്എച്ച്ഒ ഹരീഷ് ടണ്ടേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഗോദാന്‍ ന്യായ് യോജന' പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് രൂപ നിരക്കില്‍ ചാണകം ആളുകളില്‍ നിന്നും വാങ്ങുന്നുണ്ട്. ഗ്രാമത്തില്‍ ഇതിനായി കന്നുകാലികളെ പ്രത്യേകമായി പാര്‍പ്പിക്കുന്ന ഇടങ്ങള്‍ തന്നെയുണ്ട്.
ജൂണ്‍ എട്ടിനും ഒന്‍പതിനും ഇടയ്ക്കാണ് മോഷണം നടതെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് കാര്യമായി അന്വേഷണം ആരംഭിച്ചു.